test del 5 copy of del 3

ചാർട്ടേഡ് അക്കൗണ്ടന്റായ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി വൻ കവർച്ച; കരസേനാ ഉദ്യോഗസ്ഥനും സംഘവും പിടിയിൽ


ന്യൂഡൽഹി ∙ തെക്കൻ ഡൽഹിയിലെ സൈനിക് ഫാംസ് പ്രദേശത്ത് 72കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ കരസേനാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലംഗ സംഘം അറസ്റ്റിൽ‌. പ്രതികൾ വയോധികനെ വീട്ടിൽ കയറി മർദിച്ച് പണവും ആഭരണങ്ങളും രേഖകളും കവർന്ന ശേഷം അദ്ദേഹത്തിന്റെ തന്നെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിക്കാതെ വന്നതോടെ ഡൽഹി-മുംബൈ ഹൈവേയ്ക്ക് സമീപം ഹരിയാനയിൽ ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികളായ കൽപനയും സുരേന്ദറും വിവാഹമോചിതരാണെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 2025 നവംബറിൽ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായ വയോധികനെ ലക്ഷ്യമിട്ടത്. ഇതിനായി സുരേന്ദറിന്റെ നാട്ടുകാരായ മറ്റ് രണ്ട് പ്രതികളെക്കൂടി സംഘത്തിൽ ചേർത്തു. മേയ് 2ന് വൈകിട്ട് ഇരയായ വയോധികൻ‌ സൈനിക് ഫാംസിലെ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് മുൻകൂട്ടി തീരുമാനിച്ച പ്രകാരം പരിചയക്കാരിയായ കൽപന അദ്ദേഹത്തെ കാണാനെത്തിയത്. എന്നാൽ ഇവർക്കൊപ്പം മറ്റ് പ്രതികളും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു. ദേശീയപാതയിലെ ഒരു ഡാബയിൽ അഭയം പ്രാപിച്ച വയോധികൻ നൽകിയ വിവരത്തെ തുടർന്ന് മേയ് 3ന് നെബ് സരായ് പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതികളായ കൽപനയേയും സുരേന്ദറിനെയും മഥുരയിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് കവർച്ച ചെയ്ത 4 ലക്ഷം രൂപയും പഴ്സും കണ്ടെടുത്തു. തുടർന്ന് നടത്തിയ സാങ്കേതിക നിരീക്ഷണങ്ങളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തിൽ ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികളായ കുൽദീപിനെയും സുശീലിനെയും മേയ് 11ന് ഹരിയാനയിലെ ധാണി സാഞ്ച്ല ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ബാക്കി തുകയും രണ്ട് സ്വർണമാലകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച എയർഗണും പൊലീസ് കണ്ടെടുത്തു. പ്രതികൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണ്.


Source link

Back to top button