NEWS
‘സാറ്മ്മാര് ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നതെന്നാണ് പറഞ്ഞത്, എല്ലാ സഹായവും ചെയ്തു; എന്നിട്ടും എന്തിനാണ്…’

കോതമംഗലം∙ ‘‘സാറ്മ്മാരെല്ലാം ഉള്ളതുകൊണ്ടാണ് ജീവിക്കാന് പറ്റുന്നത് എന്ന് പറഞ്ഞാണ് അവർ പോയത്. അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്. എന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’’. പിറവത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ മരണവാർത്ത കേട്ടപ്പോൾ വല്ലാതെ ബുദ്ധിമുട്ട് തോന്നിയെന്ന് കോതമംഗലം എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ. സഹായം അഭ്യർഥിച്ചെത്തിയ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചത് പ്രശാന്തും സംഘവുമാണ്. എല്ലാം ശരിയാക്കി കൊടുത്ത് കൂടെ നിന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും എന്താണ് അവർക്ക് പിന്നീട് പറ്റിയതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രശാന്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘ഒരാഴ്ച മുൻപാണ് കുടുംബം സ്റ്റേഷനിലെത്തിയത്. ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു ഇവർ നേരത്തെ താമസിച്ചിരുന്നത്. വാടകവീട് ഒഴിയേണ്ടിവന്നപ്പോൾ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെയാണ് സ്റ്റേഷനിലെത്തിയത്. എറണാകുളം ജില്ലാ റൂറൽ പൊലീസ് മേധാവിയായിരുന്നു ഇത് എന്റെ ശ്രദ്ധയിൽ പെടുത്തിയത്. അങ്ങനെ അവരെ കാണുകയും അവർക്ക് വേണ്ട സഹായമെല്ലാം ചെയ്യുകയും ചെയ്തു. അവർക്ക് പുതിയ ഫോൺ വാങ്ങിക്കൊടുക്കണമെന്നെല്ലാം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ആധാർ കാർഡ് എടുത്ത് ഒരു സിം എടുക്കണമെന്നും പിന്നാലെ നമുക്കൊരു ഫോൺ വാങ്ങാമെന്നും അവരോട് പറയുകയും ചെയ്തു. കുറച്ച് പണവും അവർക്ക് നൽകിയിരുന്നു. ഇതെല്ലാം പറഞ്ഞ് പോയ അവർ ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാനായില്ല. പൊലീസ് ഗ്രൂപ്പിൽ അവരുടെ ഫോട്ടോ കണ്ടപ്പോൾ ആദ്യം അവരാവില്ലെന്ന് കരുതി. പിന്നെ ഒരു തവണ കൂടി നോക്കിയപ്പോഴാണ് അവർ തന്നെയാണെന്ന് മനസ്സിലായത്.
Source link


