രുചിയ്ക്കൊപ്പം ആരോഗ്യവും! വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന ഓവർനൈറ്റ് ഓട്സ് വിഭവങ്ങൾ ഇതാ

Photo Credit: Pixels
രാവിലെകൾ പൊതുവെ തിരക്കുപിടിച്ചതായിരിക്കും. അതുകൊണ്ടുതന്നെ പോഷകഗുണമുള്ള ഒരു പ്രഭാതഭക്ഷണം തയ്യാറാക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയായി തോന്നാറുണ്ട്. എന്നാൽ തലേദിവസം രാത്രി വെറും അഞ്ച് മിനിറ്റ് മാറ്റിവച്ചാൽ രാവിലത്തേയ്ക്കുള്ള ആരോഗ്യകരമായ പ്രഭാതഭക്ഷണം തയ്യാറാക്കാം.പ്രത്യേകിച്ച് ഡയറ്റ് ചെയ്യുന്നവർക്ക്. അത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും പോഷകഗുണങ്ങൾ നിറഞ്ഞതുമായ അഞ്ച് സൂപ്പർ ഓവർനൈറ്റ്സ് ഓട്സ് വിഭവങ്ങൾ പരിചയപ്പെടാം.
1. ബെറി ഓവർനൈറ്റ് ഓട്സ്
അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് റോൾഡ് ഓട്സ് എടുക്കണം. ഇതിലേയ്ക്ക് അര കപ്പ് പാൽ, ആവശ്യത്തിന് ഗ്രീക്ക് യോഗർട്ട് (കട്ടത്തൈര്), ഒരു ടീസ്പൂൺ ചിയാ സീഡ്സ്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇതിലേയ്ക്ക് സ്ട്രോബെറി, ബ്ലൂബെറി പോലുള്ള പഴങ്ങൾ ചെറുതായി അരിഞ്ഞ് ചേർക്കാം. പാത്രം മൂടിവെച്ച് രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുക. രാവിലെ കഴിക്കുന്നതിന് മുൻപ് ഇതിലേക്ക് അണ്ടിപ്പരിപ്പോ ബദാമോ ചേർത്താൽ നല്ല ക്രഞ്ചി സ്വാദ് ലഭിക്കും. ആദ്യമായി ഓവർനൈറ്റ് ഓട്സ് പരീക്ഷിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ബെറി ഓവർനൈറ്റ് ഓട്സ്.
2. പീനട്ട് ബട്ടർ ബനാന ഓട്സ്
ഒരു പാത്രത്തിലേക്ക് റോൾഡ് ഓട്സ്, പാൽ, പീനട്ട് ബട്ടർ, അരിഞ്ഞ നേന്ത്രപ്പഴം അല്ലെങ്കിൽ ചെറുപഴം, ചിയാ സീഡ്സ്, ഒരു നുള്ള് കറുവപ്പട്ട പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് നന്നായി മൂടി രാത്രി ഫ്രിഡ്ജിൽ വയ്ക്കുക. രാവിലെ കഴിക്കാൻ നേരത്ത് മുകളിലായി കുറച്ച് വറുത്ത നിലക്കടലയോ ഡാർക്ക് ചോക്ലേറ്റ് ചിപ്സോ വിതറി കഴിക്കാവുന്നതാണ്. പീനട്ട് ബട്ടറും പഴവും ചേരുന്നതിനാൽ ഇത് നല്ല രുചികരവും ക്രീമിയുമായിരിക്കും.
3. ചോക്ലേറ്റ് മോക്ക ഓവർനൈറ്റ് ഓട്സ്
ഒരു പാത്രത്തിൽ ആവശ്യത്തിന് റോൾഡ് ഓട്സ് എടുക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് പാൽ, ഗ്രീക്ക് യോഗർട്ട്, കൊക്കോ പൗഡർ, അല്പം ചെറുചൂടുവെള്ളത്തിൽ അലിയിച്ചെടുത്ത ഇൻസ്റ്റന്റ് കോഫി പൗഡർ, കുറച്ച് തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം രാത്രിമുഴുവൻ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം രാവിലെ ഇതിലേക്ക് പഴം കഷണങ്ങളായി അരിഞ്ഞതോ നട്ട്സോ ചേർത്ത് കഴിക്കാം.
4. മാംഗോ കോക്കനട്ട് ഓവർനൈറ്റ് ഓട്സ്
പഴുത്ത മാമ്പഴത്തിന്റെ മധുരവും തേങ്ങാപ്പാലിന്റെ രുചിയും ചേരുന്ന രുചികരമായി ഓവനൈറ്റ് ഓട്സ് വിഭമാണിത്. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിൽ റോൾഡ് ഓട്സ്, തേങ്ങാപ്പാൽ, ഗ്രീക്ക യോഗർട്ട്, ചിയാ സീഡ്സ്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ നല്ല പഴുത്ത മാമ്പഴവും കൂടി ചേർത്ത് യോജിപ്പിച്ചതിന് ശേഷം പാത്രം നന്നായി മൂടി ഫ്രിഡ്ജിൽ സൂക്ഷിയ്കാകം. ഡയറ്റ് ചെയ്യുന്നവർക്ക് അനുയോജ്യമായ ഒന്നാണിത്.
5. മസാല വെജിറ്റബിൾ ഓവർനൈറ്റ് ഓട്സ്
ഒരു പാത്രത്തിൽ ആവശ്യത്തിന് റോൾഡ് ഓട്സ് എടുക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഗ്രീക്ക് യോഗർട്ട്, അല്പം വെള്ളം എന്നിവ ചേർത്ത് ഇളക്കണം. ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, വറുത്ത ജീരകപ്പൊടി, എരിവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർക്കണം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ വെള്ളരിക്ക, ക്യാരറ്റ്, തക്കാളി, സവാള, മല്ലിയില എന്നിവയും കുറച്ച് വറുത്ത കപ്പലണ്ടിയും ചേർത്ത് നന്നായി ഇളക്കി രാത്രി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കാം. മധുരമുള്ള പ്രഭാതഭക്ഷണങ്ങൾ താല്പര്യമില്ലാത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു നാടൻ ഉപ്പുമാവ് സ്റ്റൈൽ ഓട്സ് വിഭവമാണിത്.
Source link


