NATIIONAL
അർഷ്ദീപിന് വിലക്ക്, കടുപ്പിച്ച് ബിസിസിഐ; നടപടി വിമാനത്തിനുള്ളിലിരുന്ന് ഇ–സിഗരറ്റ് വലിച്ച ചെഹലിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ

മുംബൈ ∙ പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ് സമൂഹമാധ്യമങ്ങളിൽ വ്ലോഗ് പോസ്റ്റ് ചെയ്യുന്നത് വിലക്കി ബിസിസിഐ. മറ്റൊരു പഞ്ചാബ് കിങ്സ് താരമായ യുസ്വേന്ദ്ര ചെഹൽ ഇ–സിഗരറ്റ് (വേപ്) ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അർഷ്ദീപിന്റെ വ്ലോഗിലൂടെ പുറത്തുവന്നിരുന്നു. അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് ടീം യാത്ര ചെയ്യുന്നതിനിടെ വിമാനത്തിനുള്ളിൽവച്ച് ചെഹൽ ഇ–സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതു വിവാദമായതോടെയാണ് വ്ലോഗ് പോസ്റ്റ് ചെയ്യുന്നതിന് അർഷ്ദീപിനു വിലക്കേർപ്പെടുത്തിയത്. ഐപിഎൽ സീസണൽ അവസാനിക്കുന്നതു വരെയാണ് താൽക്കാലിക വിലക്കെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് അർഷ്ദീപ് സിങ്. താരം പങ്കവയ്ക്കുന്ന റീലുകൾ മിക്കതും വൈറലാകാറുമുണ്ട്. എങ്കിലും കളിക്കളത്തിനു പുറത്തുള്ള കാര്യങ്ങൾ കൂടുതൽ പ്രഫഷനലായി നിലനിർത്തുന്നതിനായായണ് വ്ലോഗിങ്ങിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ഡൽഹി ക്യാപിറ്റൽസിനെതിരായ അടുത്ത മത്സരത്തിനായ ധരംശാലയ്ക്കു പുറപ്പെട്ട പഞ്ചാബ് ടീമിനൊപ്പം ചെഹൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ചെഹലിന് വിമാനത്താവളത്തിൽ കൃത്യ സമയത്ത് എത്താൻ സാധിച്ചില്ലെന്നും താരം ഇന്ന് ടീമിനൊപ്പം ചേരുമെന്നുമാണ് വിവരം. 11നാണ് മത്സരം.
Source link


