NATIIONAL

‘എടാ ഒരു സിംഗിൾ എടുക്കൂ, എനിക്ക് 100 തികയ്ക്കണം’ എന്ന് പറയാൻ ഞാൻ ആഗ്രഹിച്ചില്ല, കളി ജയിപ്പിക്കുന്നത് പ്രധാനം’; സഞ്ജുവിന് കയ്യടി


ന്യൂഡൽഹി ∙ ‘തല’യില്ലെങ്കിൽ എന്താ, ചെന്നൈക്ക് ഇപ്പോഴൊരു ‘തലവൻ’ ഉണ്ടല്ലോ! അപരാജിത അർധ സെ‍ഞ്ചറിയുമായി അരങ്ങുവാണ തലവൻ സഞ്ജു സാംസന്റെ (52 പന്തിൽ 87 നോട്ടൗട്ട്) ബലത്തിൽ ‘തലസ്ഥാനം’ ചെന്നൈ പിടിച്ചെടുത്തു. ഐപിഎലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി യുവതാരം സമീർ റിസ്‌വിയുടെ (24 പന്തിൽ 40*) ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സഞ്ജുവിന്റെ കരുത്തിൽ തിരിച്ചടിച്ച ചെന്നൈ, 17.3 ഓവറിൽ ലക്ഷ്യത്തിലെത്തി. സ്കോർ: ഡൽഹി 20 ഓവറിൽ 7ന് 155. ചെന്നൈ 17.3 ഓവറിൽ 2ന് 159.സീസണിലെ മൂന്നാം സെഞ്ചറി 13 റൺസകലെയാണ് സഞ്ജുവിനു നഷ്ടമായത്. ഇന്നിങ്സിലുടനീളം എപ്പോഴെങ്കിലും സെഞ്ചറിക്കു വേണ്ടി ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയ ശേഷം ഹർഷ ഭോഗ്‌ലെയോട് സംസാരിച്ചപ്പോൾ സഞ്ജു ഉത്തരം നൽകി. ‘‘സെഞ്ചറികൾ എപ്പോഴും പ്രത്യേകതയുള്ള ഒന്നാണ്, സർ. ഞാൻ അങ്ങനെ കരുതുന്നു. പക്ഷേ ഇന്ന് അതു നേടാൻ എനിക്ക് അൽപം സ്വാർഥനാകേണ്ടി വരുമായിരുന്നു. അതിനാൽ കളി ജയിക്കാം എന്ന് ഞാൻ കരുതി, പിന്നെ കൂടെയുള്ള പങ്കാളി (ബാറ്റർ) വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് അവനോട്, ‘എടാ ഒരു സിംഗിൾ എടുക്കൂ, എനിക്ക് 100 തികയ്ക്കണം’ എന്ന് പറയാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞാൻ അത് പറഞ്ഞില്ല. അതുകൊണ്ട് ഞാൻ ഇത് ശരിക്കും ആസ്വദിച്ചു, പുറത്താകാതെനിന്നു കളി ജയിപ്പിക്കുന്നത് കൂടുതൽ സംതൃപ്തി നൽകുന്നു എന്നാണ് ഞാൻ കരുതുന്നത്. അതിനാൽ ഞാൻ അത് ആസ്വദിച്ചു, ഇനി കുറച്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ആ മൂന്നക്ക സംഖ്യ (സെഞ്ചറി) എനിക്ക് വീണ്ടും ലഭിക്കുമോ എന്ന് നോക്കാം.’’– സഞ്ജു പറഞ്ഞു. ഈ ഐപിഎൽ സീസണിൽ രണ്ടു സെഞ്ചറികളും ഒരു അർധസെഞ്ചറിയും നേടുന്ന ഏക താരമാണ് സഞ്ജു. 402 റൺസുമായി ഓറഞ്ച് ക്യാപ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് താരം. ചെന്നൈയ്ക്ക് ഈ സീസണിൽ പ്ലേഓഫിൽ എത്തണമെങ്കിൽ സഞ്ജുവിൽ നിന്ന് ഇനിയും മികച്ച പ്രകടനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.


Source link

Back to top button