CINEMA
ദളപതിയുടെ കന്നി വിജയം സംവിധായകൻ നേരത്തെ പ്രവചിച്ചോ? കൈയടിച്ച് ആരാധകർ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് വിജയ് കാഴ്ചവയ്ക്കുന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയ് ലീഡ് ചെയ്തു. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം വെള്ളിത്തിരയിൽ നിന്ന് ഭരണസിംഹാസനത്തിലേക്ക് നടന്നു കയറുന്ന തമിഴകത്തിന്റെ പ്രിയതാരമായി വിജയ് മാറുകയാണ്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കോട്ടകൾ തകർത്ത് ടിവികെ നേടിയ വിജയം പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ടിവികെ പ്രവർത്തകരും ആരാധകരും ആഘോഷം തുടങ്ങിക്കഴിഞ്ഞു. സിനിമാ ലോകത്തുനിന്നും താരത്തിന് അഭിനന്ദന പ്രവാഹമാണ്. ഇപ്പോഴിതാ 2024-ൽ പുറത്തിറങ്ങിയ വെങ്കട്ട് പ്രഭു സംവിധാനം ചെയ്‌ത ‘ദി ഗോട്ട്’ എന്ന സിനിമയിൽ ഒരു കാറിന്റെ നമ്പർ പ്ലേറ്റാണ് ചർച്ചയാകുന്നത്. തന്റെ മുഖ്യമന്ത്രി പദം താരം രണ്ടു വർഷം മുൻപേ പ്രവചിച്ചിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചിത്രത്തിൽ വിജയ് ഉപയോഗിക്കുന്ന മാരുതി ഫ്രോങ്ക്സ് കാറിന്റെ നമ്പർ ‘TN07CM2026’ എന്നായിരുന്നു. ഇതിലെ ‘CM 2026’ എന്നത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രിയാകുമെന്നതിന്റെ കൃത്യമായ സൂചനയായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. അന്നും ഇതുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടന്നിരുന്നു.
Source link


