test del 5 copy of del 3

കക്ഷി മാറിയെങ്കിലും ജി.സുധാകരൻ വോട്ടർമാരുടെ ‘സ്വന്തം കക്ഷി; സിപിഎമ്മിനെ ഞെട്ടിച്ച് വിമതർ


കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥികളെ ഞെട്ടിച്ച് പാർട്ടി ബന്ധം വിട്ട് പുറത്തുവന്ന ശേഷം യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വിമത സ്ഥാനാർഥികൾ. ജി.സുധാകരൻ (അമ്പലപ്പുഴ), വി.കുഞ്ഞിക്കൃഷ്ണൻ (പയ്യന്നൂർ), ടി.കെ.ഗോവിന്ദൻ (തളിപ്പറമ്പ്) എന്നിവരാണ് സിപിഎമ്മിന്റെ കോട്ടകളിൽ അട്ടിമറി ജയം കരസ്ഥമാക്കിയത്. വിവിധ വിഷയങ്ങളിൽ പാർട്ടിയിലെ ‘തിരുത്തൽവാദി’കളായി രംഗത്തുവന്ന് വലതുമുന്നണിയുടെ പിന്തുണ നേടി സ്വതന്ത്രരായി മത്സരിച്ച് ഇവർ നേടിയ ജയം സംസ്ഥാനത്തുടനീളം നേരിട്ട വൻതോൽവി സംബന്ധിച്ച് സിപിഎമ്മിനുള്ളിലും ഇടതുമുന്നണിക്കുള്ളിലും ഇനി നടക്കാനിരിക്കുന്ന വിലയിരുത്തലുകളിലും ചർച്ചകൾക്ക് ഇടയാക്കുമെന്നത് ഉറപ്പാണ്. മറുവശത്ത് സിപിഎമ്മിലെ അതൃപ്തരെ ഒപ്പം കൂട്ടി നടത്തിയ യുഡിഎഫിന്റെ രാഷ്ട്രീയ പരീക്ഷണം സിപിഎം ശക്തികേന്ദ്രങ്ങളിൽ വോട്ടുകൾ വിഘടിക്കാതെ ജയം എന്ന ഒറ്റലക്ഷ്യത്തിലേക്ക് വോട്ടുകൾ കേന്ദ്രീകരിക്കാനും സഹായിച്ചതായാണ് വോട്ടെണ്ണൽ ഫലം വ്യക്തമാക്കുന്നത്.പാർട്ടിയിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിനു ശേഷം പുറത്തുവന്ന വി.കുഞ്ഞികൃഷ്ണൻ സിറ്റിങ് എംഎൽഎ ടി.ഐ.മധുസൂദനനെതിരെ തിളക്കമാർന്ന ജയമാണ് പയ്യന്നൂരിൽ നേടിയത്. പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ 76,640 വോട്ടു നേടി 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കുഞ്ഞികൃഷ്ണന്റെ ജയം പാർട്ടിയെ തിരുത്താനുള്ള അദ്ദേഹത്തിന്റെ നീക്കത്തിന് ലഭിച്ച പിന്തുണയായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം നേതാവും മുൻ എംഎൽഎയുമായ പി.കെ.ശശിയെ രംഗത്തിറക്കി യുഡിഎഫ് നടത്തിയ പരീക്ഷണം ജയം കണ്ടില്ല. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിൽ വി.എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കൂടിയായ എ.സുരേഷിനെ പിന്തുണയ്ക്കാനുള്ള നീക്കവും ജയം കാണാതെ പോയി. മറ്റ് മൂന്നിടത്ത് വിഷയാടിസ്ഥാനത്തിൽ പാർട്ടിക്കെതിരെ വ്യക്തമായ നിലപാട് ഉറപ്പിച്ചു പുറത്തുവന്ന സ്ഥാനാർഥികളെപ്പോലെ ഒറ്റപ്പാലത്തും മലമ്പുഴയിലും പ്രാദേശികതലത്തിൽ നിലപാടുറപ്പിച്ച് വോട്ടുനേടാൻ ആകാത്തതാണ് ഇവർക്ക് തിരിച്ചടിയായതെന്നാണ് സൂചന.


Source link

Back to top button