NEWS

കശുഅണ്ടി കേസിൽ ഹാജരായില്ല: തന്ത്രമിറക്കരുതെന്ന്  മുഹമ്മദ് ഹനീഷിനോട് ഹൈക്കോടതി#പ്രോസിക്യൂഷൻ അപേക്ഷ പുനഃപരിശോധിക്കാൻ അന്ത്യശാസനം

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിഅലക്ഷ്യത്തിൽ നേരിട്ടു ഹാജരാകണമെന്ന ഉത്തരവ് പാലിക്കാത്തതിന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. കോടതിയിൽ തന്ത്രങ്ങൾ പയറ്റരുതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വാദത്തിനിടെ മുന്നറിയിപ്പുനൽകി. മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച നേരിട്ട് ഹാജരാകണം. അല്ലാത്തപക്ഷം കർശനനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സി.ബി.ഐ സമർപ്പിച്ച അപേക്ഷ പുനഃപരിശോധിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കശുഅണ്ടി വകുപ്പിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറി കെ. ബിജുവിന് കോടതി നിർദ്ദേശം നൽകി. അവസാന അവസരമെന്ന നിലയിൽ ജൂലായ് 9 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ബിജുവിനെ കേസിൽ കക്ഷിചേർക്കുകയും ചെയ്തു.

വിചാരണാനുമതിക്കായി സി.ബി.ഐ നൽകിയ അപേക്ഷ വ്യവസായവകുപ്പ് മൂന്നുവട്ടം നിരസിച്ചിരുന്നു. കോടതി നിർദ്ദേശങ്ങൾ സർക്കാർ ലംഘിച്ചെന്നാരോപിച്ച് കേസിലെ പരാതിക്കാരൻ കടകംപള്ളി മനോജ് സമർപ്പിച്ച കോടതിഅലക്ഷ്യ ഹർജിയാണ് സിംഗിൾബെ‌ഞ്ച് പരിഗണിക്കുന്നത്. ഇതിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ ഹനീഷ് സമർപ്പിച്ച അപ്പീൽ ഡിവിഷൻബെ‌ഞ്ച് തള്ളിയിരുന്നു.

സി.ബി.ഐയുടെ അപേക്ഷ പുനഃപരിശോധിക്കാൻ ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പുതിയ കശുഅണ്ടി സെക്രട്ടറിയാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും ബഡ്ജറ്റിന്റെ തിരക്കിലായതിനാലാണ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകാത്തതെന്നും സർക്കാർ അഭിഭാഷക അറിയിച്ചു. മുഹമ്മദ് ഹനീഷ് തലസ്ഥാനത്തില്ലെന്നും സൂചിപ്പിച്ചു. തുടർന്നാണ് കോടതിയിൽ തന്ത്രങ്ങളിറക്കരുതെന്ന് ബെ‌ഞ്ച് മുന്നറിയിപ്പുനൽകിയത്.

2006 – 2015 കാലയളവിൽ കശുഅണ്ടി വികസന കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് സി.ബി.ഐയുടെ പരാതി. മുഖ്യപ്രതികളായ കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ പി.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയാണ് സർക്കാർ പലതവണ നിരസിച്ചത്.


Source link
NEWS

Back to top button