LATEST NEWS

ആലിനിന്റെ ഓർമകൾ തുടിച്ച് സ്നേഹക്കരൾ സ്പർശം; മകളുടെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ മാതാപിതാക്കളെത്തി


തിരുവനന്തപുരം ∙ ധ്രിയയെ നെഞ്ചോടു ചേർത്തുവച്ചപ്പോൾ ഷെറിന്റെ കരളൊന്നു പിടഞ്ഞു, കണ്ണീർ തുളുമ്പാതെ അവർ ധ്രിയയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ നോക്കിയിരുന്നു… കരളിന്റെ കരളായ മകൾ ആലിൻ ഷെറിനെ അപ്രതീക്ഷിതമായി കണ്ടപോലെ! കാറപകടത്തിൽ പരുക്കേറ്റ ആലിൻ ഷെറിൻ ഏബ്രഹാം പത്തു മാസം തികയാൻ 3 ദിവസം ശേഷിക്കെ, ഫെബ്രുവരി 13നാണു മരിച്ചത്. മകൾ മറ്റുള്ളവരിലൂടെ ജീവിക്കട്ടേയെന്നു രക്ഷിതാക്കളായ അരുൺ ഏബ്രഹാമും ഷെറിൻ ആൻ ജോർജും തീരുമാനിച്ചു. ആറ് അവയവങ്ങൾ ദാനം ചെയ്ത ആലിൻ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി. ആലിനിന്റെ കരൾ ലഭിച്ചത് 6 മാസം പ്രായമായ ധ്രിയയ്ക്കായിരുന്നു.മകൾ മരിച്ച അപകടത്തിൽ പരുക്കേറ്റ ഷെറിന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അവരുടെ അമ്മ ജെസി വർഗീസിന് ഇനിയും എഴുന്നേറ്റിരിക്കാൻ പോലും ആവുന്നില്ല. പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിലേക്ക് കിംസ് ഹെൽത്തിൽനിന്നു വിളി എത്തുമ്പോൾ അരുണും ഷെറിനും തീരുമാനിച്ചു, മകളുടെ കരളുടമയെ കാണണം. ഇന്നലത്തെ കൂടിക്കാഴ്ചയിൽ രണ്ടാമതും ധ്രിയയെ വാങ്ങി മടിയിൽ വച്ചിരിക്കുമ്പോൾ ഷെറിൻ പറഞ്ഞു, ‘മോൾ ഉണ്ടായിരുന്നെങ്കിൽ… കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം പിറന്നാൾ.’


Source link

Back to top button