NEWS
‘കുടുംബങ്ങളെ ഇറക്കിവിടാൻ ശ്രമിക്കുന്നവർക്കൊപ്പമാണ് സർക്കാർ’; മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ ചർച്ചകളിൽ തീരുമാനമായില്ല

കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിനു മുന്നിൽ കീറാമുട്ടിയായി തുടരുന്നു. ഇവിടുത്തെ താമസക്കാരായ എട്ടു കുടുംബങ്ങളുമായും സ്ഥലത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടിയവരുമായും സർക്കാർ ചർച്ചകള്‍ നടത്തിയെങ്കിലും സമവായത്തിലെത്തിയിട്ടില്ല. ചൊവ്വാഴ്ചയാണ് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ഇതിനു മുമ്പ് വിഷയത്തിൽ ചർച്ചകൾ നടത്തി തീരമാനത്തിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മന്ത്രി റോജി എം.ജോൺ വ്യക്തമാക്കി. സർക്കാർ പുതിയ വീടു വച്ച് നൽകുന്നതു വരെ കുടുംബങ്ങളെ അതേ വീട്ടിൽ താമസിപ്പിക്കണമെന്ന നിർദേശത്തോട് വാദിഭാഗം അനുകൂലമല്ലാത്തതാണ് പ്രശ്നപരിഹാരം നീണ്ടുപോകാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ടു തന്നെ ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച നടന്നില്ല. അതിനിടെ, കുടുംബങ്ങളെ ഇറക്കിവിടാൻ ശ്രമിക്കുന്നവർക്കൊപ്പമാണ് സർക്കാർ നിലപാട് എടുക്കുന്നതെന്ന് തങ്ങൾക്ക് സംശയമുണ്ടെന്ന് സമരസമിതി പ്രതികരിച്ചു.നിലവിൽ താമസിക്കുന്ന വസ്തുവിൽ തന്നെ ഓരോ കുടുംബത്തിനും 5 സെന്റ് സ്ഥലം വീതം നൽകുക എന്ന നിർദേശമാണ് സർക്കാർ മുന്നോട്ടു വച്ചത്. ഇത് സമ്മതിച്ച മറുവിഭാഗം 2.65 ഏക്കറിന്റെ പിൻഭാഗത്തായി സ്ഥലം വിട്ടു നൽകാമെന്ന് വ്യക്തമാക്കി. എന്നാൽ അതിന് ഇവിടുത്തെ താമസക്കാർ തയാറല്ല, കഴിഞ്ഞ 100 വർഷത്തിലേറെയായി തങ്ങൾ പരിപാലിച്ചു പോരുന്ന ഈ ഭൂമിയിൽ തന്നെ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. അവിടെ നിന്ന് മാറ്റി താമസിപ്പിക്കാനാണ് തീരുമാനമെങ്കിൽ 15 സെന്റ് ഭൂമി വീതമെങ്കിലും ഓരോ കുടുംബത്തിനും നൽകണമെന്നും ഇവർ സർക്കാരിനെ അറിയിക്കും എന്നാണ് വിവരം. നിലവില്‍ താമസിക്കുന്ന ഭൂമിയുടെ പിന്‍ഭാഗത്ത് അനുവദിക്കുന്ന സ്ഥലം സ്വീകരിച്ചാൽ അവിടെ വീട് വച്ചു തരുന്നതു വരെ തങ്ങൾ എന്തു ചെയ്യുമെന്നും അവർ ചോദിക്കുന്നു. സർക്കാർ അവിടെ വീടു വച്ചു തരുന്നതു വരെ നിലവിൽ താമസിക്കുന്നിടത്തു തന്നെ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
Source link


