മടങ്ങിയെത്തിയ ഭായിമാർ ‘അടവ്’ പുറത്തെടുക്കുന്നു, കൂലി 1500 ഇല്ലെങ്കിൽ പണിക്ക് വേറെ ആളെ നോക്കിക്കോ, പ്രതിസന്ധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ബംഗാളിലേക്കും അസമിലേക്കും പോയ ഭായിമാർ തിരിച്ചെത്താതിരുന്നത് ഹോട്ടൽ, നിർമ്മാണ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു.
ഹോട്ടലുകൾ പലതും തൊഴിലാളികളില്ലാത്തതോടെ അടച്ചുപൂട്ടി. അങ്ങനെയിരിക്കെ, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭായിമാർ. എന്നാൽ മടങ്ങിയെത്തിയ ഭായിമാർ ശരിക്കുമുള്ള ‘അടവ്’ പുറത്തെടുത്തിരിക്കുകയാണ്.
തിരിച്ചെത്തിയ ഒട്ടുമിക്ക അതിഥി തൊഴിലാളികളും ദിവസക്കൂലി ആയിരത്തിന് മുകളിൽ ചോദിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടൽ, നിർമ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലായി. ആയിരത്തിന് മുകളിൽ കൂലി കിട്ടിയില്ലെങ്കിൽ മറ്റ് ജോലികൾക്ക് പോകുമെന്നാണ് തൊഴിലാളികളുടെ നിലപാട്. ഇങ്ങനെയാണെങ്കിൽ മറ്റ് എന്ത് മാർഗം സ്വീകരിക്കുമെന്നാണ് ചെറുകിട ഹോട്ടലുകളും നിർമ്മാണ കരാറുകാരും ആലോചിക്കുന്നത്.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന മേസ്തിരിക്ക് 1000 രൂപയാണ് കൂലി. സഹായിക്ക് 900 രൂപയാണ് കൂലി. ചില മേഖലകളിൽ മേസ്തിരിക്ക് 1100 രൂപയും സഹായിക്ക് 1000 രൂപയും നൽകുന്നുണ്ട്. എന്നാൽ മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്നാണ് ചില തൊഴിലാളികൾ.
ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചപ്പോൾ തങ്ങളുടെ കൂലിയും വർദ്ധിക്കണമെന്നാണ് ഈ മേഖലയിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധി രൂക്ഷമായതോടെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
Source link
NEWS


