ബിരിയാണിക്കും വെള്ളത്തിനും അമിതവില; ചായക്കും കാപ്പിക്കും ഇരട്ടി പണം, പരാതിപ്പെട്ടപ്പോള്‍ ഭീഷണി

ന്യൂഡല്‍ഹി: ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് ഭീഷണി. ട്രെയിനിലെ ഭക്ഷണ സാധനങ്ങള്‍ക്കാണ് അമിത വില ഈടാക്കിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ് ഐആര്‍സിടിസി. ന്യൂഡല്‍ഹി – അമൃത്സര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഭക്ഷണത്തിന് അമിത വില ഈടാക്കിയതായി പരാതി ഉയര്‍ന്നത്. പാന്‍ട്രി കാര്‍ മാനേജരേയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരേയും റെയില്‍വേ പുറത്താക്കുകയായിരുന്നു.
സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് അമിത വില ഈടാക്കിയത് സംബന്ധിച്ച പരാതി യാത്രക്കാരന് പ്രചരിപ്പിച്ചത്. റെയില്‍വേ നിശ്ചയിച്ച നിരക്കുകള്‍ കാറ്റില്‍പ്പറത്തിയാണ് കൊള്ളലാഭം കൊയ്തത്. ചായക്കും കാപ്പിക്കും ഇരട്ടി വിലയാണ് ട്രെയിനില്‍ ഈടാക്കിയത്. അഞ്ച് രൂപ വിലയുള്ള ചായക്ക് 10 രൂപയും പത്ത് രൂപ വിലയുള്ള കാപ്പിക്ക് 20 രൂപയും ഈടാക്കിയായിരുന്നു കച്ചവടം. 14 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കിയത്.
അമിതവില ഈടാക്കിയതിന് പുറമെ സാലഡ്, തൈര്, നാപ്കിന് എന്നിവയൊന്നും നല്‍കാതെയാണ് ബിരിയാണി വിതരണം ചെയ്തിരുന്നത്. പരാതി നല്കിയപ്പോള്, കുറഞ്ഞ വിലയിലുള്ള ചായ നിങ്ങള്‍ ചോദിക്കാത്തത് കൊണ്ടാണ് കൂടിയ വില വാങ്ങിയതെന്ന ന്യായീകരണവുമായി റെയില്‍വേ ജീവനക്കാര്‍ രംഗത്തെത്തി. കൂടാതെ യാത്രക്കാരനെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. വീഡിയോ വൈറലായതോടെ എക്സിലൂടെ മാപ്പുചോദിച്ച ഐആര്‍സിടിസി, കുറ്റക്കാരായ ജീവനക്കാരെ ഉടന്‍ പുറത്താക്കിയതായും കരാറുകാരന് വന്‍ തുക പിഴ ചുമത്തിയതായും അറിയിച്ചു.
Source link


