test del 1

16ാം വയസിൽ വിവാഹം, ഭർത്താവിൽ നിന്ന് ക്രൂരപീ‌ഡനം; പഠനം തിരികെപ്പിടിച്ച് സവിത ഇപ്പോൾ ഒരു നഗരം ഭരിക്കുന്നു

സവിത പ്രധാനിന്റെ ജീവിതം ഒരിക്കലും സുഖകരമായിരുന്നില്ല. മദ്ധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ മാടായി ഗ്രാമത്തിലെ ഒരു ദരിദ്ര ആദിവാസി കുടുംബത്തിലാണ് സവിത ജനിച്ചത്. കുടുംബം പോറ്റാൻ വേണ്ടി നെല്ല് കൊയ്യുകയും ബീഡി ഇലകൾ പറിക്കുകയും മഹുവ പൂക്കൾ ശേഖരിക്കുകയും ചെയ്യുന്ന പിതാവിന്റെ അധ്വാനം കണ്ടുകൊണ്ടാണ് അവർ കുട്ടിക്കാലം ചെലവഴിച്ചത്. നിശബ്ദയായ ഈ ഗ്രാമീണ പെൺകുട്ടി ഒരു ദിവസം അവളുടെ ജില്ലയിലെ ഏറ്റവും ഉയർന്ന ഭരണപരമായ സ്ഥാനങ്ങളിൽ ഒന്ന് വഹിക്കുമെന്ന് അന്നാരും സങ്കൽപ്പിച്ചിരുന്നില്ല.

12ാം ക്ളാസ് പഠനത്തിന് പിന്നാലെ 16ാം വയസിൽ 11 വയസിന് മുതിർന്നൊരാളുമായി സവിതയുടെ വിവാഹം മാതാപിതാക്കൾ നടത്തി. ഭർതൃവീട്ടിലെ ജീവിതം ദുരിതപൂർണമായിരുന്നു. വർഷങ്ങളോളം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സവിത നിശബ്ദം സഹിച്ചു. ഒടുവിൽ ഒരു ദിവസം അവൾ ആ കടുത്ത തീരുമാനമെടുത്തു. തന്റെ രണ്ട് കുഞ്ഞ് ആൺമക്കളെയുമെടുത്ത് സവിത ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടി. പിന്നാലെ പ്രദേശത്തെ ഒരു ചെറിയ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യാനും തുടങ്ങി.

ഇതിനിടെ സവിത പഠനത്തിലേയ്ക്ക് മടങ്ങി. മദ്ധ്യപ്രദേശ് പബ്ളിക് സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകളും ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സംസ്ഥാന തല പരീക്ഷകളിൽ ഒന്നാണത്. കോച്ചിംഗ് ക്ളാസുകളോ അദ്ധ്യാപകരുടെ പിന്തുണയോ പഠനത്തിനായി അധിക സമയമോ സവിതയ്ക്കുണ്ടായിരുന്നില്ല. എന്നിരുന്നാലും സവിത സ്വയം വിശ്വസിച്ചു. 2005ലും 2006ലും പരീക്ഷയെഴുതി പാസായി. ആദ്യ ശ്രമത്തിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. എന്നാൽ ഭരണപരമായ സ്ഥാനമായിരുന്നു സവിതയുടെ ലക്ഷ്യം. അങ്ങനെ രണ്ടാം ശ്രമത്തിൽ 83ാം റാങ്കോടെ മദ്ധ്യപ്രദേശ് അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ സവിത എത്തിപ്പെട്ടു.

നർസിങ്പൂർ ജില്ലയിലെ ഗോട്ടെഗാവ് മുനിസിപ്പൽ കൗൺസിലിലാണ് സവിത തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ഗ്വാളിയോറിലെ അർബൻ അഡ്മിനിസ്ട്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. നിലവിൽ സിങ്ഗ്രൗലി മുനിസിപ്പൽ കോർപ്പറേഷന്റെ കമ്മിഷണർ പദവി വഹിക്കുന്നു. ഭാവിയിൽ ഐഎഎസ് ഓഫീസറായി പ്രമോഷൻ ലഭിക്കാനുള്ള സാദ്ധ്യതയുമുണ്ട്.


Source link

Back to top button