യുവതിയെ കൊലപ്പെടുത്തിയ കേസ്: രണ്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം യുവാവ് പുറത്ത്, ജീവനോടെ തിരിച്ചെത്തി യുവതി

മൈസൂരു∙ യുവതിയെ കൊലപ്പെടുത്തിയെന്നാരോപിക്കപ്പെട്ട കേസിൽ രണ്ടു വർഷത്തോളം ജയിൽവാസം അനുഭവിച്ച യുവാവിന് അപ്രതീക്ഷിത മോചനം. കൊല്ലപ്പെട്ടുവെന്ന് ബന്ധുക്കൾ ഉറച്ചുവിശ്വസിച്ചിരുന്ന യുവതി ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയതോടെ പരാതിക്കാരുടെ വാദങ്ങൾ പൊളിഞ്ഞു. മണ്ഡ്യയിലെ പാണ്ഡവപുര ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൻ. മഞ്ജു (35) എന്ന യുവതിയാണ് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയത്.
2019 ജൂണിലാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. ശ്രീരംഗപട്ടണ സ്വദേശിയായ മഞ്ചുനാഥുമായുള്ള വിവാഹജീവിതം പരാജയപ്പെട്ടതിനെ തുടർന്ന്, ചാമരാജ്നഗർ സ്വദേശിയായ കാമുകൻ നാഗേന്ദ്രയ്ക്കൊപ്പം മഞ്ജു ഒളിച്ചോടുകയായിരുന്നു. ചെന്നൈയിൽ ജോലിക്കായി ചേക്കേറിയ ഇവർ അവിടെ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെ, മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകി. രണ്ടു വർഷം പിന്നിട്ടിട്ടും മഞ്ജുവിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണം വഴിമുട്ടി.
തുടർന്ന് 2021 ഓഗസ്റ്റിൽ, മഞ്ജുവിന്റെ ബന്ധുകൂടിയായ രാജേഷ് അവളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീണ്ടും പരാതി ഉയർന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AskAnshul എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)




