യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു: മെറ്റ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്

യൂത്ത് കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെറ്റ തടഞ്ഞുവെന്നാരോപിച്ച് ഹൈദരാബാദിലെ കമ്പനി ഓഫീസിലേക്ക് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. റായ്ദുർഗിലെ മെറ്റയുടെ ഓഫീസിലാണ് അപ്രതീക്ഷിതമായി സംഘം തള്ളിക്കയറി ആക്രമണം നടത്തിയത്. തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ മെറ്റയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഓഫീസിനുള്ളിൽ കടന്ന പ്രവർത്തകർ അവിടെയുണ്ടായിരുന്ന ചെടിച്ചട്ടികൾ തകർക്കുകയും നിലത്ത് കുത്തിയിരുന്ന് ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ബിജെപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം ഇരുപത്തിയഞ്ചോളം പ്രവർത്തകർ ഈ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഉദയ് ഭാനു, മനീഷ് ശർമ എന്നിവരുടെ അക്കൗണ്ടുകൾ മെറ്റ മരവിപ്പിച്ചു എന്നതാണ് വിവാദത്തിന് ആധാരം. മെറ്റയുടെ നിലപാടിനെതിരെ എക്സ് പ്ലാറ്റ്ഫോമിലൂടെ കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ് പ്രതികരിച്ചത്. കമ്പനിയോട് ആർജ്ജവം കാണിക്കാൻ ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്, മരവിപ്പിച്ച അക്കൗണ്ടുകൾ ഒരാഴ്ചയ്ക്കകം തിരികെ നൽകണമെന്നും ഉന്നയിച്ചു. അല്ലാത്തപക്ഷം വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.



