NEWS

യൂറോപ്പിൽ മിസൈൽ ആക്രമണം: 42 ജില്ലകളിൽ അതീവ ജാഗ്രത, വിമാനത്താവളം അടച്ചു

വാർസോ∙ നാറ്റോ സഖ്യത്തിന്റെ ഭാഗമായ പോളണ്ടിന്റെ വ്യോമമേഖലയിലേക്ക് റഷ്യൻ ഡ്രോണും ക്രൂയിസ് മിസൈലുകളും കടന്നുകയറിയതോടെ യൂറോപ്യൻ ഭൂഖണ്ഡത്തിൽ ആശങ്ക പടരുന്നു. വെള്ളിയാഴ്ച പുലർച്ചെ തെക്കുകിഴക്കൻ പോളണ്ടിലെ 42 നഗരങ്ങളിലും പ്രദേശങ്ങളിലും അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിക്കുകയും വ്യോമാക്രമണ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. റഷ്യയുടെ രണ്ട് ഖ്-101 ക്രൂയിസ് മിസൈലുകളും ഒരു ഡ്രോണുമാണ് പോളണ്ട് മണ്ണിൽ പതിച്ചതെന്ന് പ്രതിരോധ മന്ത്രി വ്ലാഡിസ്ലാവ് കൊസിനിയാക്-കാമിഷ് സ്ഥിരീകരിച്ചു.

ഇതൊരു ആകസ്മികമായ സംഭവമല്ലെന്നും ബോധപൂർവം ആസൂത്രണം ചെയ്ത ആക്രമണമാണെന്നുമാണ് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ നിലപാട്. മിസൈലുകൾ പതിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിലും ലിവീവിലും റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പോളണ്ടിന്റെ വ്യോമാതിർത്തിയും ലംഘിക്കപ്പെട്ടത്. യുക്രെയ്നിലുണ്ടായ ഈ ആക്രമണങ്ങളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെടുകയും അനേകം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

പ്രദേശത്തെ വ്യോമാക്രമണ ഭീഷണി നിലവിൽ നീങ്ങിയതായി അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, നാറ്റോ അംഗരാജ്യമായ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിക്കപ്പെട്ട സംഭവം ആഗോളതലത്തിൽ കടുത്ത സൈനിക-നയതന്ത്ര ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

Fashion ⏭️

Back to top button