ജോലികഴിഞ്ഞ് മടങ്ങവേ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

ശാസ്താംകോട്ട∙ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ശാസ്താംകോട്ട പനപ്പെട്ടി അമ്പിയിൽ മുക്കിലെ ഉമ്മാന്റെ തെക്കേതിൽ (മധു ഭവനം) മധുസൂദനൻ പിള്ളയുടെയും അമ്പിളിയുടെയും മകൻ അമൽ കുമാർ (25) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ശാസ്താംകോട്ട-കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി ഐസിഎസ് ജംക്ഷന് സമീപം ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ബൈക്ക് പോസ്റ്റിലേക്ക് അതിശക്തമായി ഇടിച്ചുകയറിയതിനെത്തുടർന്ന് പോസ്റ്റ് തകർന്നുപോയി. തലയ്ക്ക് സാരമായി പരുക്കേറ്റ അമലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സ ഫലിക്കാതെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
സ്വകാര്യ ബസിലെ ജീവനക്കാരനായ അമൽ, ജോലി കഴിഞ്ഞ് മൈനാഗപ്പള്ളിയിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അമൽ അവിവാഹിതനാണ്. അനന്തു ആണ് സഹോദരൻ.




