ഡോക്ടർ ദമ്പതികളുടെ വീട്ടിൽ വജ്രവും സ്വർണ്ണാഭരണങ്ങളും കവർന്ന സംഭവം: രണ്ട് യുവതികൾ പിടിയിൽ

തൃശൂർ പേരാമംഗലത്തെ ആയുർവേദ ഡോക്ടർ ദമ്പതികളുടെ വസതിയിൽ മോഷണം നടത്തിയ രണ്ട് വീട്ടുജോലിക്കാരെ പോലീസ് പിടികൂടി. കുറ്റിമുക്ക് സ്വദേശിനി ഗീതു (35), മണ്ണുത്തി സ്വദേശിനി പ്രിയ (40) എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ അഞ്ച് വർഷമായി വിശ്വസ്തരായി ജോലി ചെയ്തുവന്ന ഇവർ, 2023 മുതലാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വജ്രാഭരണങ്ങളും ഘട്ടംഘട്ടമായി തട്ടിയെടുത്തത്.
ലോക്കർ തുറക്കുന്ന വേളയിൽ മൊബൈൽ ഫോണിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി, ലോക്കറിന്റെ കോഡ് നമ്പർ മനസ്സിലാക്കിയായിരുന്നു ഇവരുടെ ആസൂത്രിതമായ കവർച്ച. മോഷ്ടിച്ചെടുത്ത സ്വർണാഭരണങ്ങൾ തൃശൂരിലെ വിവിധ ജ്വല്ലറികളിലും പണയ സ്ഥാപനങ്ങളിലും നൽകി ഇവർ പണമാക്കി മാറ്റി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ 70 ലക്ഷം രൂപയിൽ അധികം ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ ഒരു പ്രതി ഈ തുക ഉപയോഗിച്ച് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടും സ്വന്തമാക്കിയിരുന്നു.
വീട്ടിലുണ്ടായിരുന്ന മറ്റൊരു ജോലിക്കാരിക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് ഈ വിവരം അവർ ഉടൻ തന്നെ ഡോക്ടർ ദമ്പതികളെ ധരിപ്പിച്ചു. ഏകദേശം ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണനാണയങ്ങളും സ്വർണ്ണ വാച്ചും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഇവർ കവർന്നതായാണ് പോലീസ് നൽകുന്ന വിവരം.




