LIFESTYLE

വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ

മഴക്കാലത്തും തൊട്ടുപിന്നാലെയുള്ള മാസങ്ങളിലും വീടുകൾക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നത് പലർക്കും വലിയൊരു തലവേദനയാണ്. പാമ്പുകളെ തുരത്താൻ വിപണിയിൽ ലഭ്യമായ പല രാസവസ്തുക്കളും വിഷം കലർന്ന മരുന്നുകളും വീട്ടിലെ കൊച്ചുകുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഒരേപോലെ ദോഷം ചെയ്യും. എന്നാൽ ഇത്തരം ഭീഷണികളൊന്നുമില്ലാതെ, പ്രകൃതിദത്തമായ മണങ്ങളിലൂടെ പാമ്പുകളെ അകറ്റി നിർത്താൻ സാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. യുഎസ്‌ഡിഎ (USDA) പോലുള്ള ആഗോള ഏജൻസികളുടെ അംഗീകാരമുള്ള ചില സുരക്ഷിത മാർഗങ്ങൾ താഴെ നൽകുന്നു.

കറുവപ്പട്ട എണ്ണ: ശാസ്ത്രീയമായ പിൻബലമുള്ള പാമ്പ് പ്രതിരോധ മാർഗങ്ങളിൽ പ്രഥമസ്ഥാനം കറുവപ്പട്ട എണ്ണയ്ക്കാണ്. ഈ എണ്ണയുടെ രൂക്ഷഗന്ധം പാമ്പുകൾക്ക് അസ്വസ്ഥത നൽകുകയും അവയെ ആ പരിസരത്തുനിന്ന് ദൂരേക്ക് ഓടിക്കുകയും ചെയ്യുന്നു. യുഎസ്‌ഡിഎയുടെ കീഴിലുള്ള ‘അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ്’ (APHIS) ഇതിനെ ഒരു ഫലപ്രദമായ പ്രതിരോധ മാർഗമായി ഔദ്യോഗികമായി ശുപാർശ ചെയ്യുന്നു. പാമ്പുകൾ വീടിനുള്ളിലേക്ക് കടക്കാൻ സാധ്യതയുള്ള ഇടങ്ങളിലും മുറ്റത്തിന്റെ അതിരുകളിലും ഈ എണ്ണ തളിച്ചു വെക്കാവുന്നതാണ്.

ഗ്രാമ്പൂ എണ്ണ: കറുവപ്പട്ട എണ്ണ പോലെ തന്നെ മികച്ച ഫലം നൽകുന്ന ഒന്നാണ് ഗ്രാമ്പൂ എണ്ണയും. പ്രകൃതിദത്തമായ മാർഗമെന്ന നിലയിൽ ഇതിനെയും അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ് അംഗീകരിച്ചിട്ടുണ്ട്. മികച്ച ഫലപ്രാപ്തി ലഭിക്കുന്നതിനായി പലരും കറുവപ്പട്ട എണ്ണയും ഗ്രാമ്പൂ എണ്ണയും ചേർത്ത മിശ്രിതം ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്ന ഇടങ്ങളിൽ നിന്ന് പാമ്പുകൾ വേഗത്തിൽ ഒഴിഞ്ഞുപോകാറുണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

യൂജെനോൾ: ഗ്രാമ്പൂ എണ്ണയുടെ ഔഷധഗുണത്തിനും തീക്ഷ്ണമായ ഗന്ധത്തിനും കാരണമായ പ്രധാന ഘടകമാണ് യൂജെനോൾ. പാമ്പുകളെ തുരത്തുന്നതിനുള്ള ഘടകമായി യുഎസ് കൃഷി വകുപ്പിന്റെ പേറ്റന്റ് രേഖകളിൽ ഇതിനെ എടുത്തുപറയുന്നുണ്ട്. പാമ്പുകളുടെ രാസ-സംവേദന ശേഷിയെ (chemosensory system) നേരിട്ട് ബാധിക്കാൻ യൂജെനോളിന് കഴിയും. ഇത് പാമ്പുകൾക്ക് വലിയ അസ്വസ്ഥത നൽകുന്നതിനാൽ, ആ പ്രദേശത്തേക്ക് വരാൻ അവ മടിക്കും.

വെളുത്തുള്ളി: ‘സയൻസ് ഡയറക്റ്റ്’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടുകൾ പ്രകാരം, സസ്യഅധിഷ്ഠിത മാർഗങ്ങളിൽ ഏറെ കരുത്താണ് വെളുത്തുള്ളിക്കുള്ളത്. വെളുത്തുള്ളിയിലുള്ള സൾഫർ സംയുക്തങ്ങൾ പാമ്പുകളുടെ ഘ്രാണശക്തിയെ നിയന്ത്രിക്കുന്ന ‘ജാക്കോബ്സൺസ് ഓർഗൻ’ എന്ന അവയവത്തെ ബാധിക്കുന്നു. ചതച്ചെടുത്ത വെളുത്തുള്ളി അല്ലികൾ വീടിന്റെ ചുറ്റും വിതറുന്നത് പാമ്പുകളെ അകറ്റാൻ സഹായിക്കും. എന്നാൽ മഴ പെയ്യുമ്പോൾ ഇതിന്റെ വീര്യം കുറയാൻ സാധ്യതയുള്ളതിനാൽ ഇടയ്ക്കിടെ പുതിയവ വിതറാൻ ശ്രദ്ധിക്കണം.

ലെമൺഗ്രാസ് അഥവാ പുൽത്തൈലം: ലെമൺഗ്രാസിൽ അടങ്ങിയിരിക്കുന്ന ‘സിട്രോനെല്ല’ എന്ന സുഗന്ധം പാമ്പുകൾക്ക് അരോചകമാണ്. പാമ്പുകളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ സസ്യമായി ലെമൺഗ്രാസിനെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വീടിന്റെ ജനലുകൾക്കും വാതിലുകൾക്കും സമീപം ഇവ നട്ടുപിടിപ്പിക്കുന്നത് പാമ്പുകൾ അകത്തേക്ക് കടക്കാതിരിക്കാൻ സഹായിക്കും. അധികം പരിപാലനമില്ലാതെ തന്നെ വളരുന്ന ചെടിയായതിനാൽ ഇതൊരു നല്ലൊരു സുരക്ഷാ മാർഗമാണ്.

Cinema ⏭️

Back to top button