ആനച്ചാൽ-മൂന്നാർ യാത്രാസമയം രണ്ടര മണിക്കൂറായി വർധിച്ചു: ടൂറിസം സീസണിൽ ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് മൂന്നാർ

മൂന്നാർ ∙ വിനോദസഞ്ചാര സീസൺ സജീവമായതോടെ ആനച്ചാൽ, മൂന്നാർ മേഖലകൾ കടുത്ത ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്നു. ആനച്ചാൽ, ആൽത്തറ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ ഗതാഗതം ക്രമീകരിക്കാൻ പൊലീസിന്റെ സേവനം ലഭ്യമല്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
മലയിടിച്ചിലിനെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാൽ, കഴിഞ്ഞ ഒരു മാസമായി ചരക്കുലോറികൾ ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾ ആനച്ചാൽ വഴിയാണ് മൂന്നാറിലേക്ക് കടന്നുപോകുന്നത്. ഇതാണ് ഈ ഭാഗങ്ങളിൽ ഗതാഗതസ്തംഭനം രൂക്ഷമാക്കിയ പ്രധാന കാരണം. കൂടാതെ, തോക്കുപാറ, ശങ്കുപ്പടി എന്നിവിടങ്ങളിലെ ദുഷ്കരമായ എസ് വളവുകളിൽ ടൂറിസ്റ്റുകളുമായെത്തുന്ന കൂറ്റൻ മൾട്ടി ആക്സിൽ ബസുകളും ചരക്കുവാഹനങ്ങളും കുരുങ്ങുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്.
ആനച്ചാലിലും ആൽത്തറയിലും കൃത്യമായ പൊലീസ് നിരീക്ഷണമില്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയപോലെ ഓടിക്കുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നത് ഗതാഗതപ്രശ്നം വഷളാക്കുന്നു. ഇതിനു പുറമെ ചിത്തിരപുരം രണ്ടാം മൈൽ, ഹെഡ് വർക്സ് ഡാം മുതൽ ടൗൺ വരെയുള്ള പ്രദേശം, ബൈപാസ് റോഡ്, മാട്ടുപ്പെട്ടി റോഡ്, ദേവികുളം റോഡ്, മറയൂർ റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
മുൻപ് വെറും 25 മിനിറ്റ് കൊണ്ട് ആനച്ചാലിൽ നിന്നും മൂന്നാറിൽ എത്തിയിരുന്നിടത്ത്, ഇപ്പോൾ രണ്ടര മണിക്കൂറിലധികം സമയം കാത്തിരുന്നാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നുള്ളൂ. ഗതാഗതക്കുരുക്ക് കാരണം ബസ് സർവീസുകൾ സമയക്രമം പാലിക്കാൻ കഴിയാതെ വലയുകയാണ്. ജോലിക്ക് പോകേണ്ട സർക്കാർ ഉദ്യോഗസ്ഥരടക്കം വലിയൊരു വിഭാഗം ജനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് തങ്ങളുടെ ഓഫീസുകളിൽ എത്തിച്ചേരുന്നത്.




