ശബരിമല നട ഇന്ന് തുറക്കും; ഉച്ചമുതൽ നിലയ്ക്കലിൽനിന്ന് ഭക്തർക്ക് പ്രവേശനം

മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തിന് മുന്നോടിയായി ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഭക്തർക്കായി തുറന്നുകൊടുക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തരുടെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തിരുനട തുറന്ന് ദീപങ്ങൾ തെളിയിക്കുന്നതോടെ തീർഥാടനത്തിന് ഔദ്യോഗിക തുടക്കമാകും. ഇതിനുശേഷം ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയുടെയും, എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രത്തിന്റെയും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.
തിരക്ക് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ദർശനത്തിനായി 30,000 പേർ ഇതിനകം ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിടുകയുള്ളൂ. നാളെ മുതൽ പ്രതിദിനം 80,000 ഭക്തർക്കാണ് ദർശനാനുമതി ഉള്ളത്. ഇതിൽ വെർച്വൽ ക്യു വഴി 60,000 പേർക്കും, നിലയ്ക്കലിലെ സ്പോട് ബുക്കിങ് സൗകര്യം വഴി 10,000 പേർക്കും ദർശനം നടത്താം. എരുമേലി, പുല്ലുമേട് കാനനപാതകൾ വഴി 3,000 പേർക്ക് വീതവും, വണ്ടിപ്പെരിയാർ സത്രം വഴിയുള്ള പാതയിലൂടെ 2,000 പേർക്കും ദിവസേന പ്രവേശനം അനുവദിക്കും. ശ്രദ്ധിക്കുക, പമ്പയിൽ സ്പോട് ബുക്കിങ് സൗകര്യം ലഭ്യമായിരിക്കില്ല.




