യുഎസിൽ നവജാതശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച സംഭവം: ഗർഭാവസ്ഥ അറിഞ്ഞില്ലെന്ന് ഇന്ത്യൻ വംശജയായ യുവതി

ഒഹായോ: നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ദാരുണ സംഭവത്തിൽ ഇന്ത്യൻ വംശജയായ യുവതിക്ക് ശിക്ഷാവിധി. കേസിൽ കുറ്റം സമ്മതിച്ച ഇരുപത്തിയേഴുകാരിയായ അനുരാധ മണുകോണ്ടയ്ക്ക് മൂന്ന് മാസം തടവും അഞ്ച് വർഷത്തെ പ്രൊബേഷനുമാണ് കോടതി ശിക്ഷയായി നൽകിയത്. മാഡിസൺ കൗണ്ടി കോമൺ പ്ലീസ് കോടതിയിലെ ജഡ്ജി ഈമൺ കോസ്റ്റല്ലോയാണ് ഈ മാസം ഏഴിന് വിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ടുനിന്ന നിയമനടപടികൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കേസിൽ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്. മൃതദേഹത്തോട് അങ്ങേയറ്റം അനാദരവ് കാട്ടിയെന്ന കുറ്റം അനുരാധ കോടതിയിൽ ഏറ്റു പറയുകയായിരുന്നു.
2023 ജൂണിൽ ഒഹായോയിലെ പ്ലെയിൻ സിറ്റിയിലുള്ള ബ്ലൂസ്റ്റെം ലെയ്നിൽ വെച്ചാണ് സംഭവം പുറത്തറിയുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിനിടെ വാഹനത്തിനുള്ളിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ‘മാഡിസൺ ബേബി ഡോ’ എന്ന് പേരിട്ടാണ് അധികൃതർ ആ കുഞ്ഞിനെ അന്ത്യാഞ്ജലി അർപ്പിച്ചത്. നൂറിലധികം ആളുകൾ പങ്കെടുത്ത വികാരഭരിതമായ ചടങ്ങുകൾക്ക് ശേഷം, 2023 ജൂൺ നാലിന് ഫോറസ്റ്റ് ഗ്രോവ് സെമിത്തേരിയിൽ കുഞ്ഞിനെ സംസ്കരിച്ചു.
മൃതദേഹം കണ്ടെത്തിയ സംഭവം മാലിന്യ ശേഖരണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെയും വല്ലാതെ തളർത്തിക്കളഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മാനസികമായി കടുത്ത ആഘാതം നേരിട്ട ഇരുവരും, പിന്നീട് ആ റൂട്ടിലെ ജോലിയിൽ നിന്ന് പിന്മാറുകയും തുടർന്ന് ജോലി തന്നെ ഉപേക്ഷിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി.




