NEWS
ഓണക്കോടിക്ക് ഇത്തവണ ‘മൾകോട്ടൺ’ ട്രെൻഡ്; അറിഞ്ഞു ചെലവാക്കുന്നവരാണ് ജെൻസീ എന്ന് ടി.എസ്. പട്ടാഭിരാമൻ, തരംഗമാകാൻ ‘ഫെതർലൈറ്റ് കാഞ്ചീവരം’

ഓണക്കാലത്ത് മവേലിയെ വരവേൽക്കുന്നതുപോലെ മലയാളികൾ പുത്തൻ ട്രെൻഡുകളെയും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അതിപ്പോൾ പുത്തൻ ഫോണായാലും വസ്ത്രമായാലും അങ്ങനെതന്നെ. ഇത്തവണയും കേരളത്തിൽ ഓണത്തിന് വസ്ത്ര വിപണി കളറായി കഴിഞ്ഞെന്ന് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ പറയുന്നു. ഏതാണ്ട് 18,000 മുതൽ 20,000 കോടി രൂപവരെയാണ് കേരളത്തിൽ വസ്ത്രവിപണിയുടെ പ്രതിവർഷ വിറ്റുവരവ്. ഇതിന്റെ മുന്തിയപങ്കും നടക്കുന്നതോ ഓണക്കാലത്തും. ഇത്തവണ 10 ശതമാനത്തിൽ കുറയാത്ത വിൽപന വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു. മനോരമ ഓൺലൈനിനോട് ടി.എസ്. പട്ടാഭിരാമൻ ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.∙ എന്താണ് ഈ ഓണത്തിന് വസ്ത്ര വിപണിയുടെ ട്രെൻഡ്? – പുതുതലമുറയാണല്ലോ ഇപ്പോൾ വിപണിയെ നയിക്കുന്നത്. ജെൻസീ. അവർക്ക് ഡെയ്ലി ഡ്രസ് മാറണം. നല്ല ബുദ്ധിശാലികളാണ്. മീഡിയം റേഞ്ചിൽ, ലേറ്റസ്റ്റ് ട്രെൻഡിയായ, നല്ല ക്വാളിറ്റിയുള്ള വസ്ത്രങ്ങളാണ് അവർക്ക് വേണ്ടത്. പതിവുപോലെ കഥകളി, ഓണം, കേരളം തീമുകളുള്ള വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. മീഡിയം റേഞ്ചിൽ കിട്ടുന്ന ‘മൾക്കോട്ടൺ’ ആണ് ഇത്തവണ സാരികളിൽ ട്രെൻഡിങ്. ഭാരം കുറഞ്ഞതും, തിളക്കമുള്ളതുമായ കോട്ടണിൽ (Mull cloth / Mulmul cotton/Muslin) നെയ്തെടുക്കുന്നതാണിത്. ലിനൻ സെറ്റ് സാരി, ഫ്ലോറൽ ഡിജിറ്റൽ പ്രിന്റ്, പോൾക്ക ഡോട്സ് സാരികളും അന്വേഷിച്ചെത്തുന്നവർ ഏറെയുണ്ട്. കുട്ടികളുടെ പാവാടകളിൽ മദ്രാസ് ചെക്കിനാണ് ഡിമാൻഡ്.ചെലവാക്കുന്ന പണത്തിനൊത്തുള്ള മൂല്യമാണ് (വാല്യു ഫോർ മണി) അവർ ആഗ്രഹിക്കുന്നത്. ഇവർക്ക് നല്ല നിലവാരമുള്ള ഉൽപന്നം വേണം, നല്ല സർവീസ് ആയിരിക്കണം – അതാണ് ഇപ്പോഴത്തെ ട്രെൻഡ്. ∙ എങ്ങനെയാണ് ഓണത്തിനായി വസ്ത്ര വിപണി ഒരുങ്ങുന്നത്? ട്രെൻഡ് എങ്ങനെ മനസ്സിലാക്കും? - അത് എക്സ്പീരിയൻസാണ്. പുതിയ ട്രെൻഡൊക്കെ അതുവഴിതന്നെ മനസ്സിലാക്കാം. ഒരുക്കം 6 മാസത്തിന് മുൻപേതന്നെ തുടങ്ങും.
Fashion ⏭️


