HEALTH

സ്റ്റേജ് സീറോ ശ്വാസകോശ അർബുദം: ശർമിള ടാഗോർ ശസ്ത്രക്രിയയ്ക്ക് നിർബന്ധം പിടിച്ചതിന്റെ കാരണം

ബംഗാളി സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത താരമാണ് ശർമിള ടാഗോർ. കശ്മീർ കി കലി, ആരാധന, അമർ പ്രേം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ അവർ കഴിഞ്ഞ അറുപത് വർഷത്തിലേറെയായി അഭിനയരംഗത്ത് നിറസാന്നിധ്യമാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുമായുള്ള ദാമ്പത്യത്തിൽ സെയ്ഫ് അലി ഖാൻ, ആഭരണ ഡിസൈനറായ സബ അലി ഖാൻ, നടി സോഹ അലി ഖാൻ എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. 2023-ലാണ് ശർമിള ടാഗോറിന് ശ്വാസകോശ അർബുദം ബാധിച്ചെന്ന വാർത്ത പുറത്തുവന്നത്. രോഗം തീർത്തും പ്രാരംഭദശയിലായിരുന്നതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അമ്മയുടെ തീരുമാനത്തിന് പിന്നിലെ നിർണായകമായ ആ വശത്തെക്കുറിച്ച് മകൾ സോഹ അലി ഖാൻ അടുത്തിടെ വെളിപ്പെടുത്തി.

തന്റെ ‘All About Her’ എന്ന പോഡ്‌കാസ്റ്റിലൂടെയാണ് സോഹ ഇക്കാര്യം പങ്കുവെച്ചത്. ശസ്ത്രക്രിയയ്ക്കിടെയാണ് രോഗബാധയുണ്ടായ കോശങ്ങൾ മാരകമാണെന്ന് ഡോക്ടർമാർക്ക് ഉറപ്പുവരുത്താൻ സാധിച്ചതെന്നും, കൃത്യസമയത്ത് അത് നീക്കം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമായി മാറിയെന്നും സോഹ പറഞ്ഞു. “രോഗം നേരത്തേ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അമ്മയുടെ കാര്യത്തിൽ ‘സ്റ്റേജ് സീറോ’യിലാണ് അസുഖം തിരിച്ചറിഞ്ഞത്. സർജറിക്ക് അമ്മ നിർബന്ധം പിടിച്ചപ്പോൾ പലരും അത് അനാവശ്യമാണെന്ന് കരുതി. എന്നാൽ ശസ്ത്രക്രിയയ്ക്കിടയിലാണ് ആ കോശങ്ങൾ മാരകമാണെന്ന് തെളിഞ്ഞത്. ശ്വാസകോശ അർബുദത്തെ അതിജീവിക്കാൻ ആ ഘട്ടത്തിൽ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു,” സോഹ വ്യക്തമാക്കി.

നേരത്തെയും അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഹ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. അർബുദം സ്റ്റേജ് സീറോയിൽത്തന്നെ കണ്ടെത്താൻ സാധിച്ച അപൂർവം ഭാഗ്യവാന്മാരിൽ ഒരാളാണ് അമ്മയെന്നും, കീമോതെറാപ്പിയുടെ സഹായമില്ലാതെ തന്നെ ശസ്ത്രക്രിയയിലൂടെ രോഗം പൂർണമായി നീക്കം ചെയ്യാൻ സാധിച്ചുവെന്നും സോഹ അന്ന് വ്യക്തമാക്കിയിരുന്നു. ശർമിള ടാഗോർ ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ശ്വാസകോശത്തിലെ ശ്വാസനാളികളിൽ അസ്വാഭാവിക കോശങ്ങൾ കാണപ്പെടുന്നുവെങ്കിലും, അവ ശ്വാസകോശ കലകളിലേക്ക് ആഴ്ന്നിറങ്ങാത്ത അവസ്ഥയെയാണ് മെഡിക്കൽ ഭാഷയിൽ സ്റ്റേജ് സീറോ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ കോശങ്ങളും അർബുദമായി മാറണമെന്നില്ലെങ്കിലും, കാലക്രമേണ അവ മാരകമായി വളരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ, ഇത്തരം മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ച് വിദഗ്ദ്ധാഭിപ്രായത്തോടെ ചികിത്സ തേടുന്നത് അത്യന്താപേക്ഷിതമാണ്.

ശ്വാസകോശ അർബുദം തുടക്കത്തിലേ കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. രോഗം വന്ന് ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അതിനാൽ, രോഗലക്ഷണങ്ങൾ ഇല്ല എന്നത് കൊണ്ട് മാത്രം ആശങ്ക വേണ്ടതില്ലെന്ന് പറയാനാവില്ല. അസ്വാഭാവികമായ എന്തെങ്കിലും കോശവളർച്ച സംശയിക്കുകയാണെങ്കിൽ സിടി സ്‌കാൻ, ബയോപ്‌സി തുടങ്ങിയ പരിശോധനകൾ വഴി രോഗസാധ്യത ഉറപ്പുവരുത്തണം. രോഗിയുടെ ആരോഗ്യസ്ഥിതിയും പരിശോധനാഫലങ്ങളും പരിശോധിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സാ രീതിയാണ് സ്വീകരിക്കേണ്ടത്.

Cinema ⏭️

Back to top button