NEWS

ശിവസേന നേതാവിന്റെ വീട്ടിൽ ഹെറോയിൻ ഒളിപ്പിച്ച എഎസ്ഐ: റെയ്ഡ് ദൃശ്യങ്ങൾ പുറത്ത്

ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള ഖന്നയിൽ ശിവസേന നേതാവിന്റെ വസതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മയക്കുമരുന്ന് ഒളിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെ, കുറ്റാരോപിതനായ പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.

ശിവസേന നേതാവായ മഹന്ത് കശ്മിർ ഗിരിയുടെ വീട്ടിൽ നടന്ന സംഭവത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. സാധാരണ വേഷത്തിൽ എത്തിയ എഎസ്ഐ സുഖ്‍ദേവ് സിങ്, ഇദ്ദേഹത്തിന്റെ കിടക്കയ്ക്ക് അടിയിൽ എന്തോ വസ്തുക്കൾ ഒളിപ്പിച്ചു വെക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനു പിന്നാലെ, പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് 30 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായി കാണിച്ച് മഹന്ത് കശ്മിർ ഗിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ, പൊലീസിന്റെ വീഴ്ചയും കൃത്രിമവും വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, നടന്ന അറസ്റ്റിന്റെ വിശ്വാസ്യതയെക്കുറിച്ച് വലിയ സംശയങ്ങളാണ് ഉയരുന്നത്. കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Fashion ⏭️

Back to top button