SPORTS
ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ കുതിച്ചുകയറി വൈഭവ്, സഞ്ജുവിന് നഷ്ടം; ഏകദിനത്തിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗിൽ

മുംബൈ ∙ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിലാണ് ഗിൽ ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയത്. ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഈ വർഷം ജനുവരി മുതൽ മിച്ചലായിരുന്നു ഒന്നാം സ്ഥാനത്ത്. 801 പോയിന്റാണ് ഗില്ലിനുള്ളത്. സിംബാബ്‌വെയ്‌ക്കെതിരായ മികച്ച പ്രകടനത്തോടെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി ട്വന്റി20 റാങ്കിങ്ങിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം സ്ഥാനത്തെത്തി. സിംബാബ്‌വെ പര്യടനത്തിലെ മൂന്നു ട്വന്റി20 മത്സരങ്ങളിൽനിന്നു രണ്ട് അർധസെഞ്ചറികൾ ഉൾപ്പെടെ 50.33 ശരാശരിയിൽ 151 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. പ്ലെയർ ഓഫ് ദ് സീരിസ് പ്രകടനത്തോടെയാണ് പതിനഞ്ചുകാരൻ 230 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി ട്വന്റി20 ബാറ്റർമാരുടെ പട്ടികയിൽ 48-ാം സ്ഥാനത്തെത്തിയത്. 910 റേറ്റിങ് പോയിന്റോടെ ഇന്ത്യയുടെ തന്നെ ഇഷാൻ കിഷനാണ് പട്ടികയിൽ ഒന്നാമത്. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് 31 സ്ഥാനങ്ങൾ മുന്നേറി ട്വന്റി20 ബോളർമാരുടെ പട്ടികയിൽ 41-ാമതായപ്പോൾ, പരുക്കു കാരണം സിംബാബ്‌വെ പര്യടനം നഷ്ടമായ വരുൺ ചക്രവർത്തി മൂന്നു സ്ഥാനങ്ങൾ താഴ്ന്നെങ്കിലും ആദ്യ പത്തിൽ ഇടം നിലനിർത്തി.എട്ടാം സ്ഥാനത്താണ് വരുൺ. 17–ാം സ്ഥാനത്തുള്ള ബുമ്രയാണ് ഇന്ത്യക്കാരിൽ രണ്ടാമത്. ട്വന്റി20 ഓൾറൗണ്ടർമാരിൽ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് ഒന്നാമത്. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാമതായി. ശിവം ദുബെ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 12–ാമതായി. അഭിഷേക് ശർമ പത്തു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19–ാമതായി.
Auto ⏭️


