NEWS
മോദിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ഷി ചിൻപിങ്, ഹോട്ടലിലേക്ക് മടങ്ങി; കേന്ദ്രമന്ത്രിമാർ എത്തിയത് ബസുകളിൽ

ന്യൂഡൽഹി∙ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ അത്താഴവിരുന്നിൽനിന്നു വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. സ്വന്തം രാജ്യത്തേക്കു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും വിരുന്നിൽ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നതിന്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും യാത്രയുടെയും ചർച്ചകളുടെയും ക്ഷീണം കാരണം അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ഷി ചിൻപിങ്, ബ്രിക്സ് സമ്മേളനത്തിലും തുടർന്നു പ്രധാനമന്ത്രി മോദിയുമായി നടന്ന നിർണായക ഉഭയകക്ഷി കൂടിക്കാഴ്ചയിലും പങ്കെടുത്തിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ അഭാവത്തിലും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള മറ്റ് ബ്രിക്സ് രാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും പ്രമുഖ നേതാക്കൾ വിരുന്നിൽ സജീവമായി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിരുന്നിനെത്തി.
Fashion ⏭️


