SPORTS

പരിശീലകനും ക്യാപ്റ്റനും മിണ്ടിയില്ല, ഒഴിവാക്കിയത് പാക്ക് താരങ്ങൾ അറിഞ്ഞത് സമൂഹമാധ്യമങ്ങളിൽനിന്ന്! വിവരങ്ങൾ പുറത്ത്


ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോറ്റതിനു പിന്നാലെ, ടീമിലെ ഏഴു താരങ്ങളെ പാക്ക് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ടീമിൽനിന്ന് ഒഴിവാക്കിയ വിവരം താരങ്ങളിൽ പലരും സമൂഹമാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടീം മാനേജ്മെന്റോ, ക്യാപ്റ്റൻ ബാബർ അസമോ താരങ്ങളെ കണ്ട് ഒഴിവാക്കിയതിനുള്ള കാരണം ബോധിപ്പിക്കാൻ പോലും ശ്രമിച്ചില്ല. സർഫറാസ് അഹമ്മദിനു പകരം വൈറ്റ് ബോൾ ടീമിന്റെ കോച്ച് മൈക്ക് ഹെസ്സനാണ് പാക്ക് ടെസ്റ്റ് ടീമിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്‍പതിനു തുടങ്ങുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ആഷ്‍ലി നോഫ്കെയെ ബോളിങ് കോച്ചായും പിസിബി നിയോഗിച്ചിട്ടുണ്ട്.പരമ്പരയിൽ തിളങ്ങിയിട്ടും ടീമിൽനിന്നു പുറത്തായ ഒരു പാക്ക് താരം പിസിബിയുടെ പ്രസ്താവന വ്യാജമാണെന്നാണ് ആദ്യം കരുതിയത്. താരങ്ങളെ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന മിസ്ബ ഉൾ ഹഖ് രാജി വച്ചിരുന്നു. സിലക്ഷൻ കമ്മിറ്റിയോട് ആലോചിക്കാതെയായിരുന്നു പിസിബി ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു മിസ്ബയുടെ രാജി. പുറത്താക്കിയതിലുള്ള പ്രതിഷേധമായി മൂന്നു താരങ്ങൾ, ഇംഗ്ലണ്ടിലെ ചാൾസ് രാജാവുമൊത്തുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തില്ല. പാക്ക് ടീമിലുള്ള എല്ലാവരും ചാൾസ് രാജാവിനെ സന്ദർശിക്കണമെന്ന് പിസിബി ഉത്തരവിട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണു താരങ്ങൾ വിട്ടുനിന്നത്.


Auto ⏭️

Back to top button