SPORTS
കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി, ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റും

തിരുവനന്തപുരം∙ കൊച്ചിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി. കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.തുടർന്ന് പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നേരിട്ട് ഇടപെടുകയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കെസിഎ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് രാജ്യാന്തര പദ്ധതിക്കായി തരംമാറ്റത്തിന് ശുപാർശ നൽകുകയും ചെയ്തു. ആ ശുപാർശ സംസ്ഥാന സർക്കാർ പൂർണമായി അംഗീകരിക്കുകയായിരുന്നു.ബിസിസിഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ബിസിസിഐ ഡബ്ല്യുപിഎൽ ചെയർമാനും കെസിഎ മുൻ പ്രസിഡന്റുമായ ജയേഷ് ജോർജ് വ്യക്തമാക്കി. മുൻപ് കേരളത്തിൽ നടന്ന ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ ഐസിസി ചെയർമാൻ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും തുടർനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂർണമായി പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിന് സമ്മാനിക്കുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി. പദ്ധതിയിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്ന് അറിയിച്ച അദ്ദേഹം സ്റ്റേഡിയം നിർമാണം വിജയകരമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
Auto ⏭️


