SPORTS
കിരീടപ്പോരിന് ടീമുകൾ തയാർ; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ, കേരള ക്രിക്കറ്റ് ലീഗ് നാളെ മുതൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് നാളെ തുടക്കമാകും. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി ഗ്രൗണ്ടിലിറങ്ങാൻ എല്ലാ ടീമുകളും സജ്ജരായി. കിരീടം നേടാനുള്ള ആത്മവിശ്വാസവും തയ്യാറെടുപ്പുകളും ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു.കഴിഞ്ഞ ഒരു മാസമായി മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ ഊർജം ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻ സീസണുകളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി.ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കെസിഎൽ മത്സരങ്ങൾ അരങ്ങേറുക. ആദ്യ മത്സരം ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് പോരാട്ടം. രാത്രി 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് എതിരാളികൾ.
Auto ⏭️


