NEWS
ഉദ്യോഗസ്ഥർക്ക് വാഹനങ്ങളില്ല; കിഫ്ബി റോഡ് നിർമാണ പരിശോധന മുടങ്ങി

കോഴിക്കോട് ∙ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഫണ്ട് ഉപയോഗിച്ച് വിവിധ ജില്ലയിൽ നടക്കുന്ന റോഡ് നിർമാണ പ്രവൃത്തികളുടെ പരിശോധനയ്ക്ക് പോകാൻ ഉദ്യോഗസ്ഥർക്ക് വാഹനങ്ങളില്ല. വാഹനങ്ങൾക്ക് കിഫ്ബി നൽകേണ്ട വാടക 6 മാസമായി കുടിശികയാണ്. പല സ്ഥലങ്ങളിലേക്കും ഉദ്യോഗസ്ഥർ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു. റോഡിനായി സ്ഥലം ഏറ്റെടുത്തയിടങ്ങളിലെ ഭൂ ഉടമകൾക്ക് രേഖ പരിശോധിച്ചു പണം നൽകാൻ കഴിയാത്ത അവസ്ഥയുമായി.സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും കിഫ്ബിക്ക് വാടക വാഹനങ്ങളാണുള്ളത്. കഴിഞ്ഞ മാർച്ച് വരെ മാത്രമാണ് വാടക നൽകിയത്. ഓരോ വാഹനത്തിനും 6 മാസത്തെ കുടിശിക 2.4 ലക്ഷം രൂപയാണ്.ആഭരണം പണയം വച്ചും വായ്പയെടുത്തുമാണ് വാഹനത്തിന്റെ ഇന്ധനച്ചെലവു വഹിക്കുന്നതെന്നു വാഹന ഉടമകൾ പറഞ്ഞു. കിഫ്ബി പദ്ധതികൾക്കായി കോടികളുടെ ഫണ്ട് ഉണ്ടെങ്കിലും സർക്കാരിന്റെ ഫിനാൻസ് വിഭാഗത്തിനു ഫണ്ട് കൈമാറുന്നതിൽ ഉദ്യോഗസ്ഥർക്കിടയിലെ അസ്വാരസ്യമാണ് പ്രശ്നമെന്നു ജീവനക്കാർക്കിടയിൽ വിമർശനം ഉയരുന്നുണ്ട്.
Fashion ⏭️



