SPORTS

മലയാളി താരം സെഞ്ചറി നേടിയിട്ടും ശ്രീലങ്കയ്ക്കെതിരെ പ്രതിരോധത്തിലായി ഇന്ത്യ, ബാറ്റിങ്ങിന് ഇറങ്ങാതെ ക്യാപ്റ്റൻ ഗിൽ


കൊളംബോ∙ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടം. 46 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടാൻ ഇന്ത്യയ്ക്ക് ഇനി 185 റൺസ് കൂടി വേണം. രവീന്ദ്ര ജഡേജയും (64 പന്തിൽ 28), മാനവ് സുതാറുമാണ് (16 പന്തിൽ രണ്ട്) ക്രീസിൽ. ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ രണ്ടാം ദിനം സെഞ്ചറി നേടി. 121 പന്തുകൾ നേരിട്ട പടിക്കല്‍ 103 റണ്‍സെടുത്ത് റിട്ടയേർഡ് ഔട്ടായി മടങ്ങുകയായിരുന്നു. 14 ഫോറുകളാണു താരം ബൗണ്ടറി കടത്തിയത്. ഓപ്പണറായി ഇറങ്ങേണ്ട ക്യാപ്റ്റൻ ഗിൽ ഇതുവരെ ബാറ്റിങ്ങിന് ഇറങ്ങിയിട്ടില്ല. പരുക്കേറ്റതു കാരണം ശ്രീലങ്കയ്ക്കെതിരെ ഫീൽഡിങ്ങിനും ഗിൽ ഉണ്ടായിരുന്നില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ ഒരു റണ്ണെടുക്കും മുൻപേ ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. വിശ്വ ഫെർണാണ്ടോയുടെ പന്തിൽ തിലകരത്നെ ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കുന്നത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇലവനു മിന്നും തുടക്കമാണ് ഓപ്പണർമാരായ നിഷാൻ മധുഷങ്ക (66)– രവിന്ദു രസൻഥ (77) സഖ്യം നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 124 പന്തിൽ നേടിയത് 110 റൺസ്. പേസർമാരായ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും നിരാശപ്പെടുത്തിയപ്പോൾ റണ്ണൗട്ടിലൂടെയാണ് ഇന്ത്യ ആദ്യ വിക്കറ്റ് കണ്ടെത്തിയത്. പേസർമാരിൽ ഗുർനൂർ ബ്രാറിനു മാത്രമാണ് വിക്കറ്റ് നേടാൻ സാധിച്ചത്. രണ്ടാം വിക്കറ്റിൽ 61 റൺസും മൂന്നാം വിക്കറ്റിൽ 30 റൺസും നാലാം വിക്കറ്റിൽ 45 റൺസും ചേർത്ത ലങ്കൻ താരങ്ങൾ, ഒരു ഘട്ടത്തിൽ 4ന് 250 എന്ന നിലയിലായിരുന്നു. അർധ സെ‍ഞ്ചറി നേടിയ സൊനാൽ ദിനുഷയാണ് (52) മധ്യനിരയിൽ ലങ്കൻ ബാറ്റിങ്ങിനെ നിയന്ത്രിച്ചത്. ഇതോടെ, ആദ്യ ദിനം ലങ്ക അനായാസം 400നു മുകളിൽ സ്കോർ ചെയ്യുമെന്നു തോന്നിച്ചെങ്കിലും അവസാന സെഷനിൽ ഇന്ത്യൻ സ്പിന്നർമാർ തിരിച്ചുവന്നു. രണ്ടാം സ്പെല്ലിൽ താളം കണ്ടെത്തിയ കുൽദീപാണ് ഇന്ത്യയുടെ തിരിച്ചടിക്കു നേതൃത്വം നൽകിയത്. പിന്നാലെ മാനവ് സുതാറും ജഡേജയും മികവുകാട്ടിയതോടെ ആദ്യദിനം ലങ്ക 8ന് 363ൽ അവസാനിപ്പിച്ചു.


Auto ⏭️

Back to top button