NEWS
ഇന്ത്യ ആവശ്യപ്പെട്ടിട്ടും ‘ചബഹാറിൽ’ മിണ്ടാതെ യുഎസ്; പാക്കിസ്ഥാന്റെ 2 തുറമുഖങ്ങളിലേക്ക് കടക്കാൻ ഇറാൻ, എന്താണ് നടക്കുന്നത്?

ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖമായ ചബഹാറിനുമേൽ പ്രഖ്യാപിച്ച ഉപരോധം പിൻവലിക്കുന്നത് സംബന്ധിച്ച് നിലപാട് പറയാതെ യുഎസ്. ഇറാന് ബാധകമായ ഉപരോധം കഴിഞ്ഞവർഷമാണ് ട്രംപ് ഭരണകൂടം ചബഹാറിനും ബാധകമാക്കിയത്. തുടർന്ന്, ഇന്ത്യയുടെ ആവശ്യംപരിഗണിച്ച് ഉപരോധ ഇളവ് നീട്ടാൻ യുഎസ് തയാറായി. ഇതിന്റെ കാലാവധി പക്ഷേ ഏപ്രിൽ 26ന് തീർന്നതോടെ ഉപരോധം തിരിച്ചുവന്നു.ഉപരോധയിളവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ട്രംപ് ഭരണകൂടത്തെ വീണ്ടും സമീപിച്ചെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഉപരോധമായിരുന്നു നേരത്തേ പ്രശ്നമെങ്കിൽ ഇപ്പോൾ ഇറാനിൽ യുഎസ് നടത്തുന്ന ബോംബിങ്ങും ചബഹാറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഫലത്തിൽ ചബഹാറിൽ ഇന്ത്യ നേരിടുന്നത് ഇരട്ട വെല്ലുവിളി. ചബഹാറുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും ചർച്ചകൾ തുടരുകയാണെന്നാണ് കഴിഞ്ഞദിവസവും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്.ഇറാനും യുഎസും തമ്മിൽ സമാധാന ഡീൽ യാഥാർഥ്യമാകുന്നതോടെ മാത്രമേ ഇനി ചബഹാറിനുമേലുള്ള ഉപരോധം നീങ്ങൂ എന്നാണ് വിലയിരുത്തലുകൾ. എന്നാൽ, യുഎസുമായി ഇപ്പോഴും ചർച്ചകൾ സജീവമാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Fashion ⏭️


