NEWS
മലങ്കര ഡാമിലെ വെള്ളത്തിൽ രാസമാലിന്യം: പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്, ഉടമയ്ക്കെതിരെ കേസ്

തൊടുപുഴ ∙ മലങ്കര ഡാമിലെ വെള്ളത്തിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി ഉടൻ അടച്ചുപൂട്ടാൻ ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. അടുത്തൊരു ഉത്തരവുണ്ടാകുന്നത് വരെ ഫാക്ടറി യാതൊരു കാരണവശാലും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയാണ് ഡാമിലെ വെള്ളത്തിലേക്ക് പടർന്നത്. ഇതോടെ വെളിയാമറ്റം ഉൾപ്പെടെ സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികൾ പൂർണമായും പ്രതിസന്ധിയിലായി. സംഭവത്തിൽ പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രധാനപ്പെട്ട നിരവധി കുടിവെള്ള പദ്ധതികളുടെ സ്രോതസാണ് മലങ്കര ജലാശയം. വെള്ളത്തിലെ രാസമാലിന്യത്തിന്റെ അളവ് പരിശോധിക്കാനും ജലാശയം ശുദ്ധീകരിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
Fashion ⏭️


