NEWS

സഭയ്ക്ക് സുരക്ഷാ ഭീഷണി: സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: നിയമസഭാ സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ സഭയിൽ സന്ദർശകരുടെ വരവ് കർശനമായി നിയന്ത്രിക്കണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നാണ് സഭാ സെക്രട്ടേറിയറ്റിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.

സഭാ സമ്മേളനം നടക്കുമ്പോൾ സമുച്ചയത്തിനുള്ളിൽ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് നിയമസഭയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ചീഫ് മാർഷൽ സ്പീക്കർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും സഭാ പരിസരത്ത് വൻ ജനത്തിരക്കാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതൃത്വം ഒത്തുചേരുന്ന സമയങ്ങളിൽ സഭയിലേക്കുള്ള പ്രവേശനം അതീവ സുരക്ഷാ പരിശോധനകൾക്ക് വിധേയമായിട്ടായിരുന്നു മുൻകാലങ്ങളിൽ നടന്നിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വിവരം സർക്കാർ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിമാർക്ക് തങ്ങളുടെ സെക്രട്ടേറിയറ്റിലെ ഓഫിസുകളിലും, എംഎൽഎമാർക്ക് നിയമസഭാ ഹോസ്റ്റലിലും വെച്ച് നിവേദനങ്ങൾ സ്വീകരിക്കാവുന്നതാണെന്നും, പരമാവധി ഇത്തരം രീതികൾ പിന്തുടരണമെന്നും സ്പീക്കർ അംഗങ്ങൾക്ക് നിർദേശം നൽകാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം അന്തിമ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് അധികൃതരുടെ നീക്കം.

Fashion ⏭️

Back to top button