NEWS

15-ാം പഞ്ചവത്സര പദ്ധതി: വാർഷിക വളർച്ചാ നിരക്ക് 7 ശതമാനത്തിലേക്ക്

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്കും വർധിച്ചുവരുന്ന പ്രായമായവരുടെ എണ്ണവും ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027–32) കരട് സമീപനരേഖ ആസൂത്രണ ബോർഡ് പുറത്തുവിട്ടു. ‘പുതുയുഗകേരളം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ റിപ്പോർട്ടിലൂടെ, 2026–27 സാമ്പത്തിക വർഷത്തിൽ 16 ലക്ഷം കോടിയായി കണക്കാക്കുന്ന സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയെ 2032-ഓടെ 28 ലക്ഷം കോടി രൂപയാക്കി ഉയർത്താനും, വാർഷിക വളർച്ചാ നിരക്ക് 7 ശതമാനമായി നിലനിർത്താനുമാണ് ലക്ഷ്യമിടുന്നത്.

നിലവിൽ റവന്യു വരുമാനത്തിന്റെ വലിയൊരു പങ്കായ 77.6 ശതമാനവും പെൻഷൻ, ശമ്പളം, പലിശ ഇനങ്ങളിലേക്കാണ് ചെലവാകുന്നത്. ഇതിനു പുറമെ 48,733 കോടി രൂപയുടെ ബാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ, വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ ഫണ്ടിനെ മാത്രം അമിതമായി ആശ്രയിക്കാതെ, സഹകരണ മേഖല, സ്വകാര്യ നിക്ഷേപം, പ്രവാസി മൂലധനം, കേന്ദ്ര വിഹിതം എന്നിവ സ്വീകരിച്ച് സാമ്പത്തിക സ്രോതസ്സുകൾ വിപുലപ്പെടുത്താനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒപ്പം, ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ ഭൂമികളും കെട്ടിടങ്ങളും കണ്ടെത്തി അവ വിറ്റഴിക്കുന്നതിന് പകരം ദീർഘകാല പാട്ടത്തിന് നൽകി വരുമാനം വർധിപ്പിക്കാനും, ഭൂമിയുടെ ന്യായവില കാലാനുസൃതമായി പരിഷ്കരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.

Fashion ⏭️

Back to top button