യുകെയിൽ നിന്ന് യുഎസിലേക്ക് കൊലപാതക ഗൂഢാലോചന; യുവതിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ, പ്രതിയുടെ ഫോണിൽ പീഡനദൃശ്യങ്ങൾ

ഫ്ലോറിഡയിൽ ബ്രിട്ടിഷ് യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആത്മഹത്യാ പ്രവണതയുണ്ടായിരുന്ന യുവതിയെ അമേരിക്കയിലെത്തിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഡ്വെയ്ൻ ഹാളിന്റെ (54) മൊബൈൽ ഫോണിൽനിന്ന് അതിഭയാനകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്നതും, മർദിക്കുന്നതും, കൊലപ്പെടുത്തി മൃതദേഹങ്ങൾ വികൃതമാക്കുന്നതുമായ ഒട്ടനവധി ദൃശ്യങ്ങളും ചിത്രങ്ങളും ഇയാളുടെ ഫോണിൽനിന്ന് കണ്ടെത്തിയതായി അധികൃതർ കോടതിയെ ബോധിപ്പിച്ചു.
ബ്രിട്ടീഷ് പിയാനോ അധ്യാപികയായ സോണിയ എക്സൽബിയെ (32) കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഒകാലയ്ക്കു സമീപമുള്ള വിജനമായ ഒരിടത്ത് കുഴിച്ചിട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു രാജ്യത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഓൺലൈൻ ചാറ്റ് റൂമുകൾ വഴി പരിചയപ്പെട്ട ഹാളിനെ കാണാനാണ് സോണിയ ലണ്ടനിൽനിന്ന് ഫ്ലോറിഡയിലേക്ക് യാത്ര തിരിച്ചത്.
ക്രൂരമായൊരു അന്ത്യം വേണമെന്ന ആഗ്രഹം യുവതി പ്രകടിപ്പിച്ചിരുന്നതായും, ഇതിനായി ഹാളിനെ സമീപിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഹാളിനെതിരായ പ്രധാന ആരോപണം. എന്നാൽ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ പ്രതി നിഷേധിക്കുകയാണ് ഉണ്ടായത്.
സംഭവത്തിന് തൊട്ടുമുമ്പ് നടന്നുവെന്ന് കരുതുന്ന വിഡിയോയിൽ, താൻ എങ്ങനെയാണ് മരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഹാൾ സോണിയയോട് ചോദിക്കുന്നത് വ്യക്തമാണ്. തുടക്കത്തിൽ ചോദ്യം മനസ്സിലാകാത്ത ഭാവം പ്രകടിപ്പിച്ച സോണിയ, ഹാൾ ചോദ്യം വീണ്ടും ചോദിച്ചപ്പോൾ ‘കുത്തിക്കൊല്ലണം’ എന്ന് മറുപടി നൽകുന്നുണ്ട്. താൻ ഒരു മോശം വ്യക്തിയാണെന്നും, തന്നെ സ്നേഹിച്ചവരെല്ലാം തന്റെ പ്രവൃത്തികൾ മൂലം വേദന അനുഭവിച്ചിട്ടുണ്ടെന്നും യുവതി വിഡിയോയിൽ ഏറ്റുപറയുന്നു. താൻ അനുഭവിക്കുന്ന എല്ലാ പീഡനങ്ങൾക്കും താൻ അർഹയാണെന്ന് വിശ്വസിക്കുന്നതായി സൂചിപ്പിക്കുന്ന രീതിയിലാണ് യുവതിയുടെ സംഭാഷണങ്ങൾ അവസാനിക്കുന്നത്.




