LIFESTYLE

ജീവനക്കാരിക്ക് ലംബോർഗിനി ഉറുസ് സമ്മാനിച്ച് റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ; അവിശ്വസനീയ നേട്ടത്തിന് വമ്പൻ പാരിതോഷികം

ബിസിനസ് രംഗത്ത് കഠിനമായ അധ്വാനത്തിന് ലഭിക്കുന്ന പ്രതിഫലങ്ങളും അംഗീകാരങ്ങളും എപ്പോഴും വലിയ പ്രചോദനമാണ്. എന്നാൽ, ദുബായിലെ ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനം തങ്ങളുടെ ജീവനക്കാരിക്ക് നൽകിയ ഉപഹാരം ആരെയും അമ്പരപ്പിക്കുന്നതാണ്; കോടികൾ വിലമതിക്കുന്ന അത്യാഡംബര എസ്‌യുവിയാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 500 ദശലക്ഷം ഡോളറിന്റെ വിറ്റുവരവുള്ള ഇടപാടുകൾ കൈകാര്യം ചെയ്ത നതാലിയ ഷാവേസ് എന്ന റിയൽ എസ്റ്റേറ്റ് ഏജന്റിനെയാണ് ’റിച്ച്‌കീ പ്രോപ്പർട്ടീസ്’ ലംബോർഗിനി ഉറുസ് നൽകി ആദരിച്ചത്.

കമ്പനിയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അവാർഡ് നിശ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒന്നായി മാറി. 2026-ലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം സിഇഒ ഫഹ്മി അവാദിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം വേദി വിട്ടിറങ്ങാൻ ഒരുങ്ങിയ നതാലിയയെ അദ്ദേഹം തിരികെ വിളിക്കുകയായിരുന്നു. തനിക്കായി ഒരു അത്ഭുതം കാത്തിരിക്കുന്നുണ്ടെന്ന് അറിയിച്ച സിഇഒ, വലിയ റിബൺ കെട്ടിയ ആഡംബര വാഹനം വേദിയിൽ അനാവരണം ചെയ്യാൻ അവരെ ക്ഷണിക്കുകയായിരുന്നു. ഈ അവിസ്മരണീയ നിമിഷം കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ദുബായ് വിപണിയിൽ 900,000 ദിർഹം മുതൽ 1,550,000 ദിർഹം വരെ (ഏകദേശം 2.3 കോടി മുതൽ 4 കോടി രൂപ വരെ) വിലമതിക്കുന്ന വാഹനമാണ് ലംബോർഗിനി ഉറുസ്.

ഈ നേട്ടം കേവലം ഭാഗ്യം കൊണ്ടല്ല, മറിച്ച് അക്ഷീണമായ പരിശ്രമം കൊണ്ടുണ്ടായതാണെന്ന് നതാലിയ സാക്ഷ്യപ്പെടുത്തുന്നു. “ദുബായിൽ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഓരോ ഇടപാടും മികച്ചതാക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ഈ മേഖലയിൽ വിശ്രമമില്ലാത്തതിനാൽ ദിനംപ്രതി സ്വയം മെച്ചപ്പെടാൻ ഞാൻ ശ്രമിക്കുന്നു. ക്ലയന്റുകൾക്ക് വേണ്ടി രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കേണ്ടതുണ്ട്,” നതാലിയ കൂട്ടിച്ചേർത്തു. കമ്പനിയുടെ ഒന്നാം പാദം മുതൽ മൂന്നാം പാദം വരെയുള്ള മികച്ച പ്രവർത്തനമികവാണ് അവരെ ഈ നേട്ടത്തിലെത്തിച്ചത്.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥർക്ക് ആഡംബര കാറുകൾ സമ്മാനിക്കുന്ന ശൈലി ഇന്ന് കോർപറേറ്റ് ലോകത്ത് വലിയൊരു ട്രെൻഡായി മാറിയിരിക്കുകയാണ്. ഇത്തരം സമ്മാനങ്ങൾ നൽകുന്ന ആദ്യത്തെ സ്ഥാപനമല്ല റിച്ച്‌കീ. അടുത്തിടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ‘മിറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്’ മേധാവി എം.കെ. ഭാട്ടിയ തന്റെ നാല് ജീവനക്കാർക്ക് ‘കിയ സോണറ്റ്’ കാറുകൾ സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു. സഹപ്രവർത്തകരുടെ ആത്മാർഥതയെയും കഠിനാധ്വാനത്തെയും ഇത്തരത്തിൽ ആദരിക്കുന്നത് മറ്റ് കമ്പനികളിലെ ഉദ്യോഗസ്ഥർക്കും വലിയൊരു പ്രചോദനമായി മാറുന്നു.

Cinema ⏭️

Back to top button