NEWS

പാലക്കാട് ജ്വല്ലറി കവർച്ച: ജീവനക്കാർക്കുനേരെ വെടിവയ്പ്പ്, 20 പവൻ തട്ടിയെടുത്ത സംഘത്തിനായി തെരച്ചിൽ

പാലക്കാട് പെരുങ്ങോട്ടുകുറിശിയിലെ ഇഷാൻ ജ്വല്ലറിയിൽ പകൽവെളിച്ചത്തിൽ നടന്ന കവർച്ചയിൽ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് നാലംഗ സംഘം 20 പവൻ സ്വർണം കവർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം അരങ്ങേറിയത്. മോഷണത്തിന് ശേഷം കാറിൽ തിരുവില്വാമല ഭാഗത്തേക്ക് കടന്ന സംഘത്തിനായി പൊലീസിന്റെ നേതൃത്വത്തിൽ ഊർജിതമായി അന്വേഷണം പുരോഗമിക്കുകയാണ്.

ജ്വല്ലറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, അക്രമിസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് വ്യക്തമാണ്. ജ്വല്ലറി ഉടമ സനാദിന്റെ വീടിനോട് ചേർന്നാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സനാദും ഭാര്യ ദിവ്യയും മറ്റ് രണ്ട് ജീവനക്കാരുമായിരുന്നു ആ സമയത്ത് അവിടെയുണ്ടായിരുന്നത്.

സനാദും ഏതാനും ജീവനക്കാരും ജ്വല്ലറിക്ക് പിറകുവശത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തക്കം നോക്കിയാണ് നാലംഗ സംഘം എത്തിയത്. കൗണ്ടറിൽ ദിവ്യയും മറ്റൊരു ജീവനക്കാരിയും മാത്രമുണ്ടായിരുന്നു. ഡ്രൈവർ കാറിൽ കാത്തിരിക്കവേ, മൂന്നുപേർ ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുകയറി സ്വർണമാലകൾ ആവശ്യപ്പെട്ടു. മാലകൾ കാണിച്ചുകൊടുക്കുന്നതിനിടെ പെട്ടെന്ന് ഇവർ തോക്കും കത്തിയും പുറത്തെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു.

ജീവനക്കാർ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും, ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളടങ്ങിയ പെട്ടി കൈക്കലാക്കി. ദിവ്യയും സഹപ്രവർത്തകയും സ്റ്റൂളും മറ്റും ഉപയോഗിച്ച് പ്രതികളെ തടയാൻ ശ്രമിച്ചപ്പോൾ സംഘം വെടിയുതിർത്തു. ബഹളം കേട്ട് സനാദും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം കാറിൽ കയറി സ്ഥലംവിട്ടു. പ്രതികൾ ഹിന്ദി ഭാഷയിലാണ് സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Fashion ⏭️

Back to top button