BUSINESS

തിരുപ്പതിക്ക് 121 കിലോ സ്വർണം കാണിക്ക നൽകിയ വർധ്മാൻ ജെയിൻ ആരാണ്?

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് 208 കോടി രൂപയോളം വിലമതിക്കുന്ന 121 കിലോ സ്വർണം കാണിക്കയായി സമർപ്പിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് വർധ്മാൻ ജെയിൻ എന്ന വ്യവസായി. ഇതാദ്യമായല്ല ഇത്തരം വലിയ സംഭാവനകളിലൂടെ അദ്ദേഹം വാർത്തകളിൽ നിറയുന്നത്. ആരാണ് ഈ വ്യവസായി എന്നും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വിശേഷങ്ങൾ എന്തെന്നും നോക്കാം.

208 കോടി രൂപയുടെ കാഴ്ചവസ്തുക്കൾ

കഴിഞ്ഞ ദിവസമാണ് വർധ്മാൻ ജെയിനും പത്നി രാധികയും ചേർന്ന് തിരുമല ക്ഷേത്രത്തിൽ 121 കിലോ സ്വർണാഭരണങ്ങൾ അർപ്പിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ഈ സമർപ്പണം. വജ്രവും സ്വർണവും പതിപ്പിച്ച ഈ കാണിക്ക തിരുമലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭാവനയാണെന്ന് ദേവസ്വം അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

ക്ഷേത്രത്തോടുള്ള ഭക്തിയും സഹായങ്ങളും

ഇതിനു മുൻപും തിരുമല ക്ഷേത്രത്തിന് സഹായഹസ്തവുമായി വർധ്മാൻ ജെയിൻ എത്തിയിട്ടുണ്ട്. 2026 മെയ് മാസത്തിൽ ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി ഇലക്ട്രിക് ബസ് സംഭാവന നൽകിയതും, വെങ്കിടേശ്വര ഭക്തി ചാനലിനായി 7 കോടി രൂപ നൽകിയതും ശ്രദ്ധേയമാണ്. ഇതുകൂടാതെ, ക്ഷേത്രത്തിലെ ഗോശാലയിൽ കാലിത്തീറ്റ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനും, കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ വേർതിരിക്കുന്നതിനായി ഒരു കോടി രൂപയുടെ യന്ത്രം സജ്ജീകരിക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്.

ആരാണ് വർധ്മാൻ ജെയിൻ?

ആക്സസ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ വൈസ് ചെയർമാനും സ്ഥാപകനുമാണ് വർധ്മാൻ ജെയിൻ. ഹെൽത്ത് കെയർ ടെക്നോളജി, റവന്യൂ സൈക്കിൾ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. 1997-ൽ അനുരാഗ് ജെയിനിനൊപ്പം ചേർന്ന് വിഷൻ ഹെൽത്ത് സോഴ്സ് എന്ന കമ്പനിയിലൂടെയാണ് അദ്ദേഹം തന്റെ സംരംഭക ജീവിതത്തിന് തുടക്കം കുറിച്ചത്. മെഡിക്കൽ ബില്ലിങ്, ക്ലെയിംസ് മാനേജ്‌മെന്റ് തുടങ്ങിയ രംഗങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച ഈ കമ്പനിയെ 2003-ൽ പെട്രോറ്റ് സിസ്റ്റംസ് ഏറ്റെടുക്കുകയുണ്ടായി.

പിന്നീട് 2009-ൽ ഡെൽ, പെട്രോറ്റ് സിസ്റ്റംസിനെ സ്വന്തമാക്കിയപ്പോൾ ഡെൽ സർവീസസ് ഗ്ലോബൽ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായി ജെയിൻ പ്രവർത്തിച്ചു. ഒൻപതിനായിരത്തോളം ജീവനക്കാരെയും നൂറിലധികം ക്ലയന്റുകളെയും നയിച്ച ആ അനുഭവസമ്പത്തുമായാണ് അദ്ദേഹം ആക്സസ് ഹെൽത്ത് കെയർ എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ 2025 ജനുവരിയിൽ ന്യൂ മൗണ്ടൻ ക്യാപിറ്റൽ വൻ നിക്ഷേപം നടത്തിയിരുന്നു. ഏകദേശം 1.5 മുതൽ 2 ബില്യൺ ഡോളർ വരെ മൂല്യം വരുന്ന ഇടപാടായിരുന്നു ഇത്.

ചെന്നൈ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജെയിൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ‘സരിത ജെയിൻ ഫൗണ്ടേഷൻ’ വഴി ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി സഹായങ്ങൾ നൽകി വരുന്ന അദ്ദേഹം, പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കളുടെ ഉന്നമനത്തിനായി ‘ആവിഷ്കാർ’ എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്.

Read News

Back to top button