ഇന്ത്യൻ അതിർത്തിയിൽ അഞ്ചാം എസ്-400 മിസൈൽ സംവിധാനം; പാകിസ്ഥാൻ നീക്കങ്ങളെ നേരിടാൻ ഇന്ത്യയുടെ വൻ സജ്ജീകരണം

റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അഞ്ചാമത്തെ എസ്-400 (S400) മിസൈൽ പ്രതിരോധ സംവിധാനം 2027 ജനുവരി-ഫെബ്രുവരി മാസങ്ങളോടെ രാജ്യത്തെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് (LoC) സമീപമുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഭദ്രമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിറ്റ് അതിർത്തിയിൽ വിന്യസിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ സുപ്രധാന കരാറിന്റെ ഭാഗമായുള്ള അവസാന ആയുധശേഖരമാണിത്.
‘ഹിന്ദുസ്ഥാൻ ടൈംസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഈ പ്രതിരോധ സംവിധാനത്തിന്റെ കയറ്റുമതിക്ക് മുന്നോടിയായുള്ള സാങ്കേതിക പരിശോധനകൾക്കായി ഇന്ത്യൻ വ്യോമസേനയുടെ (IAF) പ്രത്യേക സംഘം വരും ഡിസംബറിൽ റഷ്യ സന്ദർശിക്കും. അതേസമയം, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഈ സുപ്രധാന നീക്കത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.
കരാർ പ്രകാരമുള്ള അഞ്ച് യൂണിറ്റുകളിൽ നാലെണ്ണം ഇതിനോടകം തന്നെ ഇന്ത്യയുടെ കൈവശം എത്തിച്ചേർന്നിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന് പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി ഇതിൽ മൂന്നെണ്ണം വിന്യസിച്ചുകഴിഞ്ഞു. നാലാമത്തെ സംവിധാനം അസമിലും സജ്ജമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള സൈനിക നീക്കങ്ങളെ ഫലപ്രദമായി നേരിടാനും, വ്യോമമേഖലയിലെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യ ഈ അത്യാധുനിക പ്രതിരോധ കവചം ഒരുക്കുന്നത്.




