അട്ടപ്പാടിയിലെ ഗർഭിണികൾക്കായി കുടുംബശ്രീയുടെ ഓപ്പൺ ഡാറ്റ കിറ്റ് പദ്ധതി

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഗർഭിണികൾക്ക് കരുതലും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ കുടുംബശ്രീയുടെ ഒ.ഡി.കെ (ഓപൺ ഡാറ്റ കിറ്റ്) ആപ്ലിക്കേഷൻ വലിയ പങ്കാണ് വഹിക്കുന്നത്. ഗർഭകാലത്തും പ്രസവശേഷവും ഓരോ സ്ത്രീയുടെയും ആരോഗ്യസ്ഥിതിയും, സാമൂഹിക-സാമ്പത്തിക വിവരങ്ങളും കൃത്യമായി ശേഖരിച്ച് വിശകലനം ചെയ്യുന്നതിലൂടെ ഇവർക്ക് ആവശ്യമായ പിന്തുണയും ചികിത്സയും സമയബന്ധിതമായി ലഭ്യമാക്കാൻ ഈ സംവിധാനത്തിന് കഴിയുന്നു. 2022-ൽ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഈ ഡിജിറ്റൽ സംരംഭം എൻ.ഐ.സി (NIC) ആണ് വികസിപ്പിച്ചെടുത്തത്. അന്നത്തെ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ പ്രത്യേക നേതൃപാടവമാണ് ഈ പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്.
ആരോഗ്യവകുപ്പ്, കുടുംബശ്രീ, ഐ.ടി.ഡി.പി (ITDP), അട്ടപ്പാടി ഐ.സി.ഡി.എസ് (ICDS) എന്നീ നാല് പ്രധാന വകുപ്പുകൾ സംയുക്തമായാണ് പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതത് വകുപ്പുകളിലെ ഫീൽഡ് തല ജീവനക്കാർ നേരിട്ട് ഊരുകളിലെത്തിയാണ് ഗർഭിണികളെ കണ്ടെത്തി ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നത്. വിവരശേഖരണത്തിനായി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയും ഇതിനായി ഉപയോഗിക്കുന്നു. നിശ്ചയിക്കപ്പെട്ട ക്രമത്തിൽ, തിങ്കളാഴ്ച ആരോഗ്യവകുപ്പും, വ്യാഴാഴ്ച ഐ.ടി.ഡി.പി വിഭാഗവും, മാസത്തിന്റെ ആദ്യ ബുധനാഴ്ചകളിൽ കുടുംബശ്രീയും രണ്ടാമത്തെ ബുധനാഴ്ചകളിൽ ഐ.സി.ഡി.എസ് ജീവനക്കാരും നേരിട്ടെത്തി വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നു. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ഈ വിഷയത്തിൽ പ്രത്യേക അവലോകന യോഗങ്ങളും ചേരുന്നുണ്ട്.
ശരീരഭാരം, ഹീമോഗ്ലോബിൻ നില, ബി.എം.ഐ (BMI), നിലവിലുള്ള രോഗാവസ്ഥകൾ, സാമ്പത്തിക സാഹചര്യം തുടങ്ങി ഗർഭിണികളുടെ സമഗ്ര വിവരങ്ങളാണ് ആപ്പിൽ രേഖപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒമ്പത് വ്യത്യസ്ത ഹൈ-റിസ്ക് വിഭാഗങ്ങളെ തിരിക്കുകയും, കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നു. പദ്ധതിയുടെ തുടക്കത്തിൽ, 2022-ൽ ഏകദേശം 250 ഓളം ഗർഭിണികളെയാണ് ഇത്തരത്തിൽ കണ്ടെത്താനായത്. തുടക്കത്തിൽ വിവരങ്ങൾ നൽകാൻ പലരും വിമുഖത കാണിച്ചിരുന്നെങ്കിലും, നിലവിൽ 98 ശതമാനം സ്ത്രീകളും ഗർഭാവസ്ഥ തിരിച്ചറിയുമ്പോൾ തന്നെ രജിസ്ട്രേഷന് തയ്യാറാവുന്നുണ്ടെന്ന് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കോഓഡിനേറ്റർ കെ.ജെ. ജോമോൻ വ്യക്തമാക്കി. 2025-ൽ ഐ.ഐ.ടി പാലക്കാടുമായി സഹകരിച്ച് ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് ലഭ്യതയില്ലാത്ത ഉൾപ്രദേശങ്ങളിൽ ഓഫ്ലൈനായി വിവരങ്ങൾ രേഖപ്പെടുത്താനും പിന്നീട് അപ്ലോഡ് ചെയ്യാനുമുള്ള സൗകര്യം ഈ ആപ്പിലുണ്ട്. കൃത്യമായ നിരീക്ഷണവും ഇടപെടലും വഴി ജനനസമയത്ത് ഭാരക്കുറവുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 2022-ലെ 250-ൽ നിന്നും 73 ആയി കുറയ്ക്കാൻ സാധിച്ചുവെന്ന് ജോമോൻ ചൂണ്ടിക്കാട്ടി. ഗർഭിണികളുടെ ആരോഗ്യസുരക്ഷയ്ക്കായി ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ നിരന്തരമായ ബോധവൽക്കരണവും മറ്റ് പ്രത്യേക പദ്ധതികളും മേഖലയിൽ നടപ്പിലാക്കി വരുന്നുണ്ട്.




