NEWS

പൊതുശൗചാലയങ്ങളിൽ ഈടാക്കുന്നത് അമിത നിരക്ക്; ഉപയോഗത്തിന് 50 രൂപ വരെ നൽകണം

എരുമേലിയിൽ ശബരിമല തീർഥാടകരെ പിഴിഞ്ഞെടുക്കുന്ന തരത്തിൽ ശുചിമുറികളിൽ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നു. ദേവസ്വം ബോർഡിന്റെ കീഴിലുള്ളവയും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ശുചിമുറികളിൽ ഇത്തരത്തിൽ ചൂഷണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. വിശേഷിച്ചും രാത്രികാലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തരിൽ നിന്ന് അമ്പത് രൂപ വരെ ഈടാക്കുന്നതായി വെളിപ്പെടുത്തലുണ്ട്.

ആദ്യഘട്ടത്തിൽ റവന്യു കൺട്രോൾ റൂമിന്റെയും വിജിലൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ കർശന പരിശോധനകൾ നടക്കുകയും, അമിത നിരക്ക് ഈടാക്കിയവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തതോടെ ഇത്തരം പ്രവണതകൾക്ക് താൽക്കാലിക ശമനമുണ്ടായിരുന്നു. എന്നാൽ, നിലവിൽ വീണ്ടും തീർഥാടകരെ കൊള്ളയടിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

മിക്ക ശുചിമുറി സമുച്ചയങ്ങളിലും നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ വ്യക്തമാക്കുന്ന ബോർഡുകൾ തീർഥാടകരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാത്രി സമയങ്ങളിൽ ബോധപൂർവം ഈ നിരക്ക് പട്ടികകൾ മറച്ചുവെക്കുന്നുവെന്നും, ഇതിലൂടെ ഭക്തരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയാണെന്നും തീർഥാടകർ ആരോപിക്കുന്നു.

Fashion ⏭️

Back to top button