പാക്കിസ്ഥാൻ പന്തിൽ കൃത്രിമം കാണിച്ചിട്ടുണ്ട്, കുപ്പിയുടെ അടപ്പ് ഉപയോഗിച്ചുള്ള ചുരണ്ടൽ നിസ്സാരമല്ല

ലാഹോർ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച പന്തു ചുരണ്ടൽ വിവാദം വീണ്ടും കായികലോകത്ത് സജീവമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുൻ പാക് പേസ് ബൗളർ ശുഐബ് അക്തർ പങ്കുവെച്ച അഭിപ്രായങ്ങൾ ഏറെ ശ്രദ്ധനേടുന്നു. ഓസീസ് ടീമിലെ മുഴുവൻ താരങ്ങൾക്കും പന്തു ചുരണ്ടൽ പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തൽ അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയാണ് ചർച്ചയായത്. എന്നാൽ, ഈ വാദങ്ങളെ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് അപ്പാടെ നിഷേധിക്കുകയാണുണ്ടായത്.
2018-ലെ വിവാദമായ ‘സാൻഡ് പേപ്പർ ഗേറ്റ്’ സംഭവത്തിൽ ടീം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ, പന്ത് ചുരണ്ടുന്നതിനിടെ പിടിയിലായ കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. കേപ്ടൗണിൽ വെച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടയിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്. എങ്കിലും, ഇത്തരം പഴയ കാര്യങ്ങൾ ഇനിയും കുത്തിപ്പൊക്കേണ്ടതില്ലെന്ന നിലപാടാണ് അക്തർ സ്വീകരിക്കുന്നത്.
‘‘എന്റെ പഴയ സഹതാരങ്ങളെക്കുറിച്ച് തുറന്നു പറയാൻ എനിക്കും ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ അതിന് ഞാൻ മുതിരുന്നില്ല, കാരണം അത് അവരെ വലിയ കുരുക്കുകളിലാക്കും. പന്തു ചുരണ്ടലിനെക്കുറിച്ച് ഖവാജ വെളിപ്പെടുത്തിയത് സത്യമായിരിക്കാം. ഒരുപക്ഷേ ടീം ഒന്നിച്ചെടുത്ത തീരുമാനമായിരിക്കാം അത്; കാരണം പന്തിൽ കൃത്രിമം കാണിച്ചില്ലെങ്കിൽ മത്സരം ജയിക്കുക പ്രയാസകരമാണെന്ന് അവർ കരുതിക്കാണും. ഉസ്മാൻ ഖവാജ ഇക്കാര്യങ്ങൾ പുറത്തുവിട്ടത് നല്ലൊരു കാര്യമാണ്, പക്ഷേ അത് പറയേണ്ടിയിരുന്നത് മറ്റേതെങ്കിലും സാഹചര്യത്തിലായിരുന്നു’’– വിസ്ഡന് നൽകിയ അഭിമുഖത്തിൽ അക്തർ വ്യക്തമാക്കി.




