NEWS
യുവാവിനെ തട്ടിക്കൊണ്ടു പോയെന്നു പരാതി; പൊലീസിന്റെ വ്യാപക തിരച്ചിൽ; ഒടുവിൽ എംഡിഎംഎയുമായി പിടിയിൽ

കൊച്ചി∙ നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്. ബുധനാഴ്ച രാത്രി കൊച്ചി ഫോറം മാളിനു സമീപത്തെ സർവീസ് റോഡിൽ വച്ച് ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടുപോയെന്നു കരുതിയ യുവാവിനെ പിറ്റേ ദിവസം ലഹരിമരുന്നുമായി പിടികൂടി. 4.48 ഗ്രാം എംഡിഎംഎ, ഇത് തൂക്കാനുള്ള ത്രാസ്, കവറുകൾ അടക്കമാണ് ഇയാൾ ഉൾപ്പെട്ട സംഘത്തെ പിടികൂടിയത്.ബുധനാഴ്ച രാത്രി 9.50ഓടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. സ്കൂട്ടറിലെത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയി ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ മാളിനു സമീപമുള്ള സർവീസ് റോഡിൽ കാത്തുനിന്ന അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിടിവലിയും ബഹളവും കണ്ടു സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മരട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് 2025 ൽ സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത ലഹരിക്കേസ് പ്രതി ഷഹനാസിന്റേതാണ് കാർ എന്നു മനസ്സിലായി. ഇതോടെ ലഹരി സംഘങ്ങളാണു സംഭവത്തിനു പിന്നിലെന്ന് ഏറെക്കുറെ ഉറപ്പായി.റിജോയിയെ പിന്തുടർന്ന പൊലീസ് സംഘം ഇയാൾ വെണ്ണലയിലുള്ള വീട്ടിലുണ്ടെന്നു വ്യക്തമായതോടെ രാത്രി 11 മണിയോടെ പരിശോധന നടത്തി. പരിശോധനയിൽ ടിവി സ്റ്റാൻഡിൽ വച്ചിരുന്ന 4.48 ഗ്രാം എംഡിഎംഎയും അനുബന്ധ സാധനങ്ങളും കണ്ടെത്തി. ഇവിടെ താമസിച്ചിരുന്ന പുത്തൻകുരിശ് അമ്പ്രമടത്തിൽ വീട്ടിൽ ബിനു മോഹനൻ (32), കുമ്പളം തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (24), ഹരിപ്പാട് ചക്കാലക്കിഴക്കേതിൽ വീട്ടിൽ വി. പാർവതി (25) എന്നിവരും അറസ്റ്റിലായി. ഇവർ ലഹരി ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരുമാണെന്ന് നർകോട്ടിക്സ് എസിപി ടി.ഡി.സുനിൽകുമാർ പറഞ്ഞു.
Fashion ⏭️


