NEWS

മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; ഫാം ഹൗസുകൾക്ക് തീയിട്ടു


ഗുവാഹത്തി∙ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ലെയ്‌സാങ് കുക്കി ഗ്രാമത്തിൽ രണ്ട് ആദിവാസി സ്ത്രീകൾ വെടിയേറ്റ് മരിച്ചു. ചോംഗ സിറ്റ്‌ൽഹൗ (60), കിംബോയ് സിങ്‌സൺ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ലെയ്‌സാങ് ഗ്രാമവാസികളാണ്. കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം കൃഷിയിടത്തിൽ നിന്ന് വിറക് ശേഖരിക്കുമ്പോഴായിരുന്നു ചോംഗയ്ക്ക് വെടിയേറ്റത്. നഴ്സിങ് പഠനം പൂർത്തിയാക്കിയയാളാണ് കിംബോയ്. ഇവരെക്കൂടാതെ കൃഷിയിടങ്ങളിൽ ജോലിയ്ക്ക് പോയ പലരേയും കാണാനില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.  ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മണിപ്പൂരിൽ വിവിധയിടങ്ങളിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. നിരവധി ഫാം ഹൗസുകൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്. ഇത് ഗ്രാമീണർക്കിടയിൽ വലിയ ആശങ്കയാണ്. തമെങ്‌ലോങ് ജില്ലയിലെ ടോലൻ ഗ്രാമത്തിലും നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലുമുണ്ടായ ആക്രമണങ്ങളിൽ നാല് ആദിവാസികൾ കൊല്ലപ്പെട്ട് വെറും രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം. അന്നത്തെ കൊലപാതകങ്ങൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്നും അപകടസാധ്യതയുള്ള ജനവാസ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയർന്നിരുന്നു. 


Fashion ⏭️

Back to top button