NEWS

പിണറായിക്ക് മേൽ പഴി വരാതിരിക്കാൻ ജാഗ്രത, ഗോവിന്ദന് ശാസന; അണികളിൽ ആവേശം പകരാൻ പിജെ; മാറുമോ സിപിഎം?


കോഴിക്കോട് ∙ തലമുറ മാറ്റത്തിന് വഴിതെളിക്കും വിധം യുവമുഖങ്ങളെ കൂടുതലായി സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി പരിചയസമ്പന്നത പകരാനും ഒപ്പം ദേശീയ രാഷ്ട്രീയത്തിൽ ഉൾപ്പെടെ യുവാക്കളുടെ ഇടപെടൽ വർധിക്കുന്ന പുതിയ രാഷ്ട്രീയക്രമത്തിൽ അവരുടെ വാക്കുകൾക്കു കൂടി ഇടം നൽകാനുളള ബോധപൂർവമായ ശ്രമം, വ്യക്തിപൂജയെന്നു വരെ ആരോപണം നേരിട്ട് നേതൃനിരയിൽ തഴയപ്പെട്ട പി.ജയരാജന് പാർട്ടി സെക്രട്ടേറിയറ്റിൽ ഇടം നൽകി കണ്ണൂരിലെ അണികളിൽ ആവേശം നിറയ്ക്കാനുള്ള ചടുലനീക്കം, തിരഞ്ഞെടുപ്പു പാളിച്ചകൾക്ക് സംസ്ഥാന സെക്രട്ടറിക്കു ശാസന എന്ന അപൂർവത, ഇത്തരത്തിൽ സ്വയംവിമർശനത്തിനും തിരുത്തലിനും സംസ്ഥാനത്തെ പാർട്ടി സംവിധാനം വിധേയമായെന്ന തോന്നൽ പൊതുവേ ജനിപ്പിക്കുന്നതായിരുന്നു കോഴിക്കോട് ചേർന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപനദിന പ്രഖ്യാപനങ്ങൾ. അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷവും പതിവു നിലപാടുകൾ തുടർന്ന സംസ്ഥാന നേതൃത്വത്തിന് ഏറ്റ തിരിച്ചടി കൂടിയായാണ് തിരുത്തൽ നടപടികൾ വിലയിരുത്തപ്പെടുന്നത്.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം തേടി സംസ്ഥാന പൊലീസ് മേധാവിക്കു ഇ.ഡി നൽകിയ കത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദിനത്തിൽ പാർട്ടി സംവിധാനം ഒന്നാകെ പിണറായിക്കും റിയാസിനും എതിരായ ഇ.ഡി അന്വേഷണം ചെറുക്കുമെന്ന വിധത്തിൽ പ്രമേയം അവതരിപ്പിച്ചതും വേറിട്ട കാഴ്ചയായി. രാഷ്ട്രീയപ്രേരിതമെന്ന ആരോപണത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും വിലയിരുത്തിയ ശേഷം വിശാല സമിതിയിൽ അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയപരമായി അണികൾ ഉൾക്കൊള്ളാൻ ഇടയുണ്ടെങ്കിലും സാധാരണ അനുഭാവികൾ എങ്ങനെ വിലയിരുത്തും എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം.വിശാല സംസ്ഥാന സമിതിയിലെ ചർ‍ച്ചകളിൽ പുതു തലമുറ ഏറെ സമയം ചെലവഴിക്കുന്ന നവമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ടെന്ന അഭിപ്രായം വിവിധ ജില്ലാ കമ്മിറ്റികൾ ഉയർത്തിയിരുന്നു. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രത്യേക ക്യുആർ കോഡിലൂടെ സിപിഎമ്മിന്റെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കും പ്രത്യേകം തയാറാക്കിയ 15 വാട്സാപ് ഗ്രൂപ്പുകളിലേക്കും ചേരാനാകും വിധമുള്ള പ്രത്യേക സ്വാഗത കാർഡുകളും വൈകിട്ട് ചേർന്ന ബഹുജന റാലിക്കിടെ വിതരണം ചെയ്തു.


Fashion ⏭️

Back to top button