NEWS
‘പ്രഹ്ലാദ് ജോഷിയുടെ നിയമനം ക്രൂരമായ തമാശ, പ്രധാന്റെ രാജിക്കത്തിലെ ഭാഷ രക്തസാക്ഷിയുടേത്’: ബിജെപി നേതാവിന്റെ മകൾ

ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാന്റെ രാജിയെ വിമർശിച്ച് യുപിയിലെ മുൻ ബിജെപി എംഎൽഎ വിക്രം സിങ്ങിന്റെ മകളും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ യശസ്വിനി രാജെ സിങ്. പരീക്ഷാ അട്ടിമറികൾക്കെതിരെ രാജ്യത്തുടനീളം നടന്ന ജെൻസീ വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച അവർ, ധർമേന്ദ്ര പ്രധാന്റെ രാജി കത്തിലെ ഭാഷയെയും പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനത്തെയും ആണ് വിമർശിച്ചത്. ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിലും യശസ്വിനി പങ്കാളിയായിരുന്നു. അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് യശസ്വിനി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.‘‘ധർമേന്ദ്ര പ്രധാന്റെ രാജിക്കത്തിലെ ഭാഷ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാളുടേതല്ല. മറിച്ച് ഒരു രക്തസാക്ഷിയുടേതു പോലെയാണു തോന്നിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയുള്ള മീമുകളും നൂതനമായ സന്ദേശങ്ങളും അരാഷ്ട്രീയവാദികളായ യുവാക്കളെ പോലും സമരത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചു. ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായിരിക്കുന്ന വ്യക്തിയെ നോക്കൂ. സത്യസന്ധമായി പറഞ്ഞാൽ ഇതൊരു വല്ലാത്ത ക്രൂരമായ തമാശയായിട്ടാണു തോന്നുന്നത്’’ – യശ്വസിനി പറഞ്ഞു.
Fashion ⏭️


