NEWS
വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 28 ക്യാംപുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു; ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി

കൽപറ്റ ∙ ജില്ലയിൽ മഴക്കെടുതി രൂക്ഷമായതോടെ 28 ദുരിതാശ്വാസ ക്യാംപുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപ്പൊക്കം- മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റി താമസിപ്പിച്ചത്. ക്യാംപുകളിൽ 414 കുടുംബങ്ങളിലെ 1328 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളെയുമാണ് മാറ്റിയത്. വൈത്തിരി താലൂക്കിൽ 15 ഉം മാനന്തവാടി താലൂക്കിൽ പത്തും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.വൈത്തിരി താലൂക്കിലെ കാപ്പുവയൽ ജിഎൽപി സ്കൂൾ, സുഗന്ധഗിരി ഗവ യുപി സ്‌കൂൾ, മുട്ടിൽ ഡബ്ല്യുഎംഒ കോളജ്, മുട്ടിൽ ഡബ്ല്യുഎംഒ ഓർഫനേജ് യുപി സ്കൂൾ, ചുണ്ടേൽ എച്ച്ഐഎം സ്കൂൾ, ഇടിയംവയൽ കമ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജിവിഎച്ച്എസ് സ്കൂൾ, അച്ചൂരാനം ജിഎൽപി സ്കൂൾ, തെക്കുംതറ എയുപി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരളിക്കുന്ന് ഗവ യുപി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ, തെക്കുംതറ അമ്മ സഹായം യുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ തുറന്നത്.ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന എല്ലാവർക്കും യഥാസമയം ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനം. അപകട പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാംപുകളിലേക്കോ മാറാൻ തയാറാകണമെന്നും എംഎൽഎ അറിയിച്ചു.
Fashion ⏭️


