NEWS

തൂഫാനുമായി തമിഴ്‌നാട് കൈകോർക്കുന്നു; കൊച്ചിയിൽ മോഹൻലാലിനോടൊപ്പം വിജയ്‌യും ലഹരിയോട് നോ പറയും

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, നടൻ മോഹൻലാൽ

കൊച്ചി: ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാവിലെ 11. 30ന് ചെന്നൈയിലെത്തി ചെന്നിത്തല വിജയ്‌‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാർത്താസമ്മേളനത്തിൽ പിന്തുണയെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിയിച്ചത്. ചർച്ച അരമണിക്കൂ‌ർ നീണ്ടെന്നും ഓപ്പറേഷൻ തൂഫാനിൽ തമിഴ്‌നാട് സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കും. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള താത്‌പര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ‘ജില്ല’ എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ പേരും ആഭ്യന്തരമന്ത്രി പരാമർശിച്ചു. കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ബംഗളുരുവിലെത്തി ചെന്നിത്തല കണ്ടിരുന്നു.

ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ” ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് ശക്തിപ്രാപിക്കുകയാണ്. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നുള്ള ഓപ്പറേഷനാണ് ഇനി നടക്കുകയെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസ് ഉന്നതരെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചുവരുത്തി ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കിയിരുന്നു. ‘ഓപ്പറേഷൻ തൂഫാൻ” മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് പ്രശംസിച്ച അന്യസംസ്ഥാന പൊലീസ് ഉന്നതർ, തൂഫാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Read News ⏭️

Back to top button